25 വീടുകൾ തകർന്നു, കൃഷിയിടങ്ങൾ നാമാവശേഷമാക്കി
കട്ടപ്പന: ശക്തമായ കാറ്റിലും മഴയിലും കാഞ്ചിയാർ ഗ്രാമപഞ്ചായത്തിൽ വ്യാപക കൃഷിനാശനഷ്ടം. 15ൽപ്പരം വീടുകൾ പൂർണമായും 10 വീടുകൾ ഭാഗികമായും തകർന്നു. കാഞ്ചിയാർ പഞ്ചായത്ത് ഓഫീസിന് ഉൾപ്പെടെ കേടുപാടു സംഭവിച്ചു. ഏക്കറുകണക്കിനു സ്ഥലത്തെ കാർഷിക വിളകൾ നശിക്കുകയും ചെയ്തു. മൂന്നു കോടിയിൽപ്പരം രൂപയുടെ നാശനഷ്ടം കണക്കാക്കുന്നു. തിങ്കളാഴ്ച വൈകിട്ടാണ് കനത്ത കാത്ത് വീശിയടിച്ചത്. മഴയും കാറ്റും ഒരു മണിക്കൂറോളം നീണ്ടു. കാഞ്ചിയാർ പള്ളിക്കവല ഇടപ്പറമ്പിൽ ചന്ദ്രന്റെ രണ്ട് ഏക്കർ സ്ഥലത്തെ ഏത്തവാഴ കൃഷി നശിച്ചു. കുലച്ച 2000പ്പരം ഏത്തവാഴകൾ ഒടിഞ്ഞുവീണു. പാലക്കട പുതിയപാലം വടക്കൻപറമ്പിൽ വർഗീസ് മാത്യുവിന്റെ സ്ഥലത്തെ മരച്ചില്ലകൾ ഒരിഞ്ഞുവീണ് 100ൽപ്പരം ഏലച്ചെടികൾ നശിച്ചു. സമീപവാസി വടക്കൻപറമ്പിൽ ജോളിയുടെ ഒരേക്കർ സ്ഥഥലത്തെ ഏലച്ചെടികളും നാമാവശേഷമായി. കൂടാതെ വാഴപ്പനാടി ജിൽസന്റെ രണ്ടേക്കർ പുരയിടത്തിലെ ഏലവും നശിച്ചു. ചെത്തിമറ്റത്തിൽ ബിനോജിന്റെ 450 ഏലം 100 ഏത്തവാഴ, ഗ്രാമ്പു, ജാതി കൃഷികളും പൂർണമായി നശിച്ചു. കാഞ്ചിയാർ പഞ്ചായത്ത് ഓഫീസിലെ കോൺഫറൻസ് ഹാളിന്റെ മേൽക്കൂരയിലെ ഷീറ്റുകൾ കാറ്റിൽ നിലംപൊത്തി. ഉപകരണങ്ങൾക്കും കേടുപാട് സംഭവിച്ചിട്ടുണ്ട്. പള്ളിക്കവലയിൽ പ്രവർത്തിക്കുന്ന മത്സ്യ ക്ലബ് ഓഫീസിന്റെ മേൽക്കൂര കാറ്റിൽ പറന്ന് സമീപവാസിയുടെ പുരയിടത്തിൽ പതിച്ചു. കാഞ്ചിയാർ പാലാക്കട പുതിയപാലം കണ്ണംകുളത്ത് തങ്കമ്മ ജേക്കബ്ബിന്റെ വീടിനു മുകളിലേക്ക് ആഞ്ഞിലിമരം കടപുഴകി വീണ് മേൽക്കൂര നിലംപൊത്തി. കുടിവെള്ള ടാങ്ക്, പൈപ്പുകൾ, വയറിംഗ് ഉൾപ്പെടെ നശിച്ചു. അഞ്ചുലക്ഷം രൂപയുടെ നാശനഷ്ടം കണക്കാക്കുന്നു. പ്ലാവ് കടപുഴകി വീണ് വിമുക്ത ഭടൻ ആലയപുരയ്ക്കൽ എ.കെ. ബാലന്റ വീട് പൂർണമായി തകർന്നു. വീട്ടുമുറ്റത്ത് നിർത്തിയിട്ടിരുന്ന കാറിനും കേടുപാട് സംഭവിച്ചു. 10 ലക്ഷത്തോളം രൂപയുടെ നഷ്ടമാണുണ്ടായത്. കവുങ്ങ് ഒടിഞ്ഞുവീണ് കരിവേലിക്കൽ ഷെറിന്റെ വീടും ഭാഗികമായി നശിച്ചു. മരം കടപുഴകിവീണ് കൂടാതെ കാഞ്ചിയാർ പള്ളിക്കവല പേരിശേരിൽ സുകുമാരൻ, ലബ്ബക്കട കാവടിക്കവല കുളത്തിങ്കൽ ബിനു, ചിറ്റപ്പനാട്ട് സജി, പുതിയപാലത്തിൽ കണ്ണംകുളത്ത് റോസമ്മ എന്നിവരുടെ വീടുകളും പൂർണമായി തകർന്നു. ബിനുവിന്റെ വീട്ടിലുണ്ടായിരുന്ന പെൺകുട്ടിക്ക് പരിക്കേറ്റു. കാഞ്ചിയാർ കൃഷിഓഫീസിലെ ജീവനക്കാരൻ പാലാക്കട കൊല്ലംപറമ്പിൽ അനീഷിന്റെ വീടിന്റെ മേൽക്കൂര പൂർണമായും തകർന്നു. വീട്ടുമുറ്റത്ത് നിർത്തിയിട്ടിരുന്ന കാറിനും കേടുപാടു സംഭവിച്ചിട്ടുണ്ട്. പുതുപ്പറമ്പിൽ സുരേന്ദ്രൻ നായരുടെ വീടിന്റെ മേൽക്കൂരയിലെ ഓടും ഷീറ്റും നിലംപൊത്തി. മരം വീണ് പള്ളിക്കവല പാലനിൽക്കുന്നതിൽ പി.കെ. വിജയന്റെ വീട് പൂർണമായും തകർന്നു. ഈ സമയം വീട്ടിലുണ്ടായിരുന്ന പെൺകുട്ടി അത്ഭുതകരമായി രക്ഷപെട്ടു. പള്ളിക്കവല കുന്നക്കാട്ട് കെ.സി. ചാക്കോ, കുരിശിങ്കൽ ഷൈല എന്നിവരുടെ വീടുകൾക്കും കേടുപാട് ഉണ്ടായി. കൃഷിനാശം സംഭവിച്ചവർക്ക് അടിയന്തര സഹായം നൽകുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് വി.ആർ. ശശി പറഞ്ഞു.