തൊടുപുഴ: ജില്ലയിൽ കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ചവർക്ക് എവിടെ നിന്നാണ് രോഗം പകർന്നതെന്ന് കണ്ടെത്താനാകാത്തത് സമൂഹവ്യാപനത്തിന് ഇടയാക്കുമോയെന്ന ആശങ്കയുയരുന്നു. രോഗം സ്ഥിരീകരിച്ച നഴ്‌സ് ജോലി ചെയ്തിരുന്ന ജില്ലാ ആശുപത്രി കൊവിഡ് ചികിത്സാകേന്ദ്രം കൂടിയാണ്. എന്നാൽ ഇവർ അത്യാഹിത വിഭാഗത്തിലല്ലാതെ കൊവിഡ് ഐസൊലേഷൻ വാർഡിൽ ജോലി ചെയ്തിട്ടില്ല. കൃത്യമായ മുൻകരുലോടെ ജോലി ചെയ്തിരുന്ന നഴ്‌സിന് ആശുപത്രിയിൽ നിന്നാകില്ല രോഗം പകർന്നതെന്ന നിലപാടിലാണ് ആരോഗ്യവകുപ്പ്. രോഗം സ്ഥിരീകരിച്ച കൗൺസിലറുടെ വാർഡ് ഹോട്ട്‌സ്‌പോട്ടിലായിരുന്നെങ്കിലും അവശ്യസാധനങ്ങൾ എത്തിച്ചുനൽകുന്നതിനും മറ്റും നിരവധി വീടുകൾ സന്ദർശിച്ചിട്ടുണ്ട്. കൂടാതെ ഇവർ ജാഗ്രതാ സമിതിയോഗത്തിലും പങ്കെടുത്തിരുന്നു. നേരത്തെ രോഗം സ്ഥിരീകരിച്ച തബ്‌ലീഗുകാരന്റെ വീട്ടിലും കൗൺസിലർ പോയിരുന്നു. അവിടെ നിന്നാണോ രോഗം പകർന്നതെന്ന് സംശയിക്കുന്നുണ്ട്. തിങ്കളാഴ്ച രോഗം സ്ഥിരീകരിച്ച മൂന്നാറിലെ ശുചീകരണ തൊഴിലാളിയുടെ മകൻ തമിഴ്‌നാട്ടിൽ ലോറിയുമായി പോകുന്നയാളാണ്. ശിക്ഷക് സദനിലെ നിരീക്ഷണകേന്ദ്രത്തിലും ഈ 60കാരൻ ജോലി ചെയ്തു. അതിനാൽ രോഗം എവിടെ നിന്നാണെന്ന് കണ്ടെത്താനായിട്ടില്ല.

റാൻഡം ചെക്കിംഗിൽ മൂന്ന് രോഗികൾ
തൊടുപുഴ ജില്ലാ ആശുപത്രിയിലെ നഴ്‌സും നഗരസഭാ കൗൺസിലറും മൂന്നാറിലെ ശുചീകരണ തൊഴിലാളിക്കും റാൻഡം ചെക്കിംഗിലാണ് പോസിറ്റീവ് ഫലങ്ങൾ വന്നത്. മൂന്ന് പേർക്കും ലക്ഷണങ്ങൾ ഒന്നുമുണ്ടായിരുന്നില്ല. പൊതു ജനങ്ങളുമായി സമ്പർക്കം പുലർത്തുന്നവരായതിനാൽ സ്രവമെടുത്ത് നടത്തിയ പരിശോധനയിലാണ് ഇവർക്ക് രോഗം സ്ഥിരീകരിക്കുന്നത്.