ചെറുതോണി : കാഞ്ചിയാർ മേഖലകളിൽ ശക്തമായ കാറ്റിലും മഴയിലും വീടുകൾക്കും കൃഷിക്കും നാശനഷ്ടം സംഭവിച്ചവർക്ക് അടിയന്തിരധനസഹായം അനുവദിക്കണമെന്ന് റോഷി അഗസ്റ്റിൻ എംഎൽഎ ആവശ്യപ്പെട്ടു. നാശനഷ്ടങ്ങൾ ഉണ്ടായ പ്രദേശങ്ങൾ സന്ദർശിച്ച എംഎൽഎ കൃഷി മന്ത്രിയുമായി ഫോണിൽ സംസാരിക്കുകയും ഇതേ തുടർന്ന് നഷ്ടങ്ങൾ നിർണ്ണയിക്കാൻ ജില്ലാ കൃഷി അസിസ്റ്റന്റ് ഡയറക്ടറെ ചുമതലപ്പെടുത്തുമെന്ന് അറിയിച്ചതായും എംഎൽഎ പറഞ്ഞു. എട്ടു വീടുകൾക്കും കാഞ്ചിയാർ പഞ്ചായത്ത് കോൺഫറൻസ് ഹാൾ, മത്സ്യ ക്ലബ് കെട്ടിടം, വെറ്റിനറി ആശുപത്രി എന്നിവക്ക് കേടുപാടുകൾ സംഭവിച്ചു. ഇതിൽ രണ്ടു വീടുകൾ താമസയോഗ്യമല്ലാ തായിരിക്കുകയാണ്. ശക്തമായ കാറ്റിൽ നിരവധി കർഷകരുടെ ഏലം, കുരുമുളക്, വാഴ, കപ്പ തുടങ്ങിയ കൃഷികൾക്ക് നഷ്ടം വന്നിട്ടുണ്ട്. 62 ഹെക്ടർ കൃഷി ഭൂമിയിലായി 30 ലക്ഷം രൂപയുടെ കൃഷിനാശം സംഭവിച്ചതായാണ് പ്രാഥമിക വിലയിരുത്തൽ.
ഭൂമി പാട്ടത്തിനെടുത്തുയെടുത്തു വാഴ കൃഷി ചെയ്ത ചന്ദ്രൻ ഇടപ്പറമ്പിലിന്റെ ആറിരത്തിലധികം എത്തവാഴകൾ കാറ്റത്തു ഒടിഞ്ഞു പോയി. ഓണത്തോടെ വിളവെടുക്കാമെന്ന പ്രതീക്ഷയിൽ ബാങ്കിൽ നിന്നും ഇതര സ്ഥാപനങ്ങളിൽ നിന്നും വായ്പ എടുത്തായിരുന്നു ചന്ദ്രൻ കൃഷി നടത്തിയത്. കൃഷിനാശങ്ങൾക്ക് സർക്കാർ നൽകുന്ന ധനസഹായം വർദ്ധിപ്പിക്കണമെന്നും കൃഷിയ്ക്ക് സൗജന്യ ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കണമെന്നും എംഎൽഎ ആവശ്യപ്പെട്ടു.