ഇടുക്കി: താലൂക്ക് സപ്ലൈ ഓഫീസർമാരുടെയും നേതൃത്വത്തിലുള്ള പരിശോധനാ സ്‌ക്വാഡുകൾ ഇന്നലെ ഒൻപത് പൊതുവിപണി പരിശോധനകൾ നടത്തിയതിൽ ഒൻപതിലും ക്രമക്കേടുകൾ കണ്ടെത്തി. പരിശോധന ഊർജ്ജിതമാക്കണമെന്ന് കർശനനിർദ്ദേശം നൽകി.പൊലീസ്‌വിജിലൻസ് ടീമിന്റെയും തഹസീൽദാർമാരുടെയും ലീഗൽ മെട്രോളജി വകുപ്പിന്റെയും പരിശോധനകൾ തുടരുന്നു. പൊതുവിപണിയിൽ അവശ്യസാധനങ്ങളുടെ ലഭ്യത ഉറപ്പുവരുത്തിയിട്ടുണ്ട്. അരി പയർവർഗ്ഗങ്ങൾ, എൽ.പി.ജി ഉൾപ്പെടെയുള്ള 15 അവശ്യസാധനങ്ങളുടെ സ്റ്റോക്ക് ആവശ്യത്തിനുണ്ട്. കമ്മ്യൂണിറ്റി കിച്ചനുകൾക്ക് ഇതുവരെ 9591 കിലോഗ്രാം അരി വിതരണം ചെയ്തു.
പിഎംജികെവൈപദ്ധതിയിൽനിന്നുള്ള മേയ് മാസത്തെ വാതിൽപ്പടി വിതരണം ആരംഭിച്ചു. 359 കടകളിലായി 1381 മെട്രിക് ടൺ അരി/ഗോതമ്പ് വിതരണം ചെയ്തു.
എല്ലാ അന്യസംസ്ഥാന തൊഴിലാളികൾക്കും 5 കിലോ അരി അല്ലെങ്കിൽ 4 കിലോ ആട്ട നൽകി. ആകെ 9070 കിലോ അരിയും 148 കിലോ ആട്ടയും വിതരണം ചെയ്തിട്ടുണ്ടെന്ന് ജില്ലാ സപ്ലൈ ഓഫീസർ അറിയിച്ചു.

പോഷകാഹാര കിറ്റ് നൽകി

ജില്ലയിൽ 8201 പേർക്ക് പട്ടിക വർഗ വകുപ്പ് പോഷകാഹാര കിറ്റ് നല്കി. 3 കിലോ ഗോതമ്പ് നുറുക്ക്, 500 ഗ്രാം വീതം ചെറുപയർ, വൻപയർ, കടല, ശർക്കര എന്നിവയും അര ലിറ്റർ വെളിച്ചെണ്ണയുമാണ് ഭക്ഷ്യധാന്യ കിറ്റിൽ ഉള്ളത്.
ത്രിവേണി മുഖേനയാണ് കിറ്റുകൾ വിതരണം ചെയ്തത്. ഏപ്രിൽ മാസത്തെ സൗജന്യ റേഷൻ ജില്ലയിലെ 17170 പട്ടികവർഗ്ഗ കുടുംബങ്ങൾ കൈപ്പറ്റി. 17 ഇനങ്ങളുള്ള സ്‌പെഷ്യൽ പലവ്യഞ്ജനക്കിറ്റ് 15929 പട്ടികവർഗ്ഗ കുടുംബങ്ങളും കേന്ദ്ര സർക്കാർ അനുവദിച്ച അരി 10605 പട്ടികവർഗ്ഗ കുടുംബങ്ങളും കൈപ്പറ്റിയിട്ടുണ്ട്.
ഇതിൽ ഉൾപ്പെടാത്ത കുടുംബങ്ങൾക്ക് പട്ടികവർഗ്ഗ വികസന വകുപ്പിന്റെ ഭക്ഷ്യസഹായപദ്ധതിയിലുൾപ്പെടുത്തി ഭക്ഷ്യധാന്യങ്ങൾ നൽകി.