തൊടുപുഴ: ഇടുക്കിയിൽ കൊവിഡ് സ്ഥിരീകരിച്ചതായി ചൊവ്വാഴ്ച രാവിലെ ജില്ലാ കളക്ടർ പ്രഖ്യാപിച്ച മൂന്ന് പേർക്ക് രോഗമുണ്ടോ എന്ന ആശയക്കുഴപ്പം തുടരുന്നു. കോട്ടയത്തെ ലാബിലെ പരിശോധനയിലാണ് ഇവരുടെ ഫലം പോസിറ്റീവായത്. പുനഃപരിശോധനയ്ക്കായി അയച്ച ആലപ്പുഴയിലെ വൈറോളജി ലാബിന്റെ ഫലം വന്നിട്ടില്ല. ഇതിനാൽ ഇവരുടെ ബന്ധുക്കളും നേരിട്ട് സമ്പർക്കം പുലർത്തിയവരും ആശങ്കയിലാണ്
തൊടുപുഴ നഗരസഭയിലെ 35കാരിയായ കൗൺസിലർ , തൊടുപുഴ ജില്ലാ ആശുപത്രിയിലെ സ്റ്റാഫ് നഴ്‌സായ പൈങ്ങോട്ടൂരിലെ അൻപത്കാരി, ബംഗളുരുവിൽ നിന്ന് വന്ന നാരകക്കാനത്തെ യുവാവ് (25) എന്നിവർക്ക് രോഗം സ്ഥിരീകരിച്ചെന്നാണ് ജില്ലാ കളക്ടർ എച്ച്. ദിനേശൻ മാദ്ധ്യമങ്ങളോട് പറഞ്ഞത്. രാത്രി വൈകി ഫലം വന്നതിനാൽ തിങ്കളാഴ്ചത്തെ രോഗികളുടെ പട്ടികയിലാണ് ഇവരെ ഉൾപ്പെടുത്തിയത്. ഇവരെ രാത്രി തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എന്നാൽ ചൊവ്വാഴ്ച വൈകിട്ട് മുഖ്യമന്ത്രി പറഞ്ഞത് പുനഃപരിശോധനാ ഫലം കൂടി വന്നാലെ ഇവരുടെ രോഗം സ്ഥിരീകരികരിക്കാനാകൂവെന്നാണ്. അതേസമയം പോസിറ്റീവ് ആയതിനാലാണ് ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതെന്നും ഇതിൽ ആശയക്കുഴപ്പമില്ലെന്നുമാണ് ആരോഗ്യ വകുപ്പ് പറയുന്നത്.
സ്റ്റാഫ് നഴ്സും നഗരസഭാ കൗൺസിലറും നിരവധി പേരുമായി സമ്പർക്കം പുലർത്തിയിരുന്നു. ചൊവ്വാഴ്ച തന്നെ ജില്ലാ ആശുപത്രിയിലെ 12 ഡോക്ടർമാരും 22 നഴ്സുമാരുമടക്കം അറുപതിലേറെ പേർ നിരീക്ഷണത്തിൽ പോയിരുന്നു. ആശുപത്രിയിലെ ഒ.പി, അത്യാഹിതവിഭാഗം, ഓപ്പറേഷൻ തിയേറ്റർ എന്നിവ അടച്ചു. തൊടുപുഴ നഗരസഭയിലെ 35 കൗൺസിലർമാരോടും 65 ഓളം ജീവനക്കാരോടും നിരീക്ഷണത്തിൽ പോകാൻ നിർദ്ദേശിച്ചിരുന്നു. തൊടുപുഴ നഗരസഭ കാര്യാലയവും അടച്ചിരിക്കുകയാണ്.