കട്ടപ്പന: പദ്ധതി വിസ്മൃതിയിലായതോടെ പാറക്കടവ് തവളപ്പാറ നിവാസികൾ കുടിവെള്ളത്തിനായി നെട്ടോട്ടത്തിൽ. പ്രളയബാധിതരടക്കമുള്ള 30ൽപ്പരം കുടുംബങ്ങളാണ് ഇവിടെയുള്ളത്. ആഴ്ചയിലൊരിക്കൽ നഗരസഭ വിതരണം ചെയ്യുന്ന വെള്ളം മാത്രമാണ് ഏക ആശ്രയം. എന്നാൽ ഇതു കുടിക്കാൻ ഉപയോഗപ്രദമല്ല. തവളപ്പാറ കുടിവെള്ള പദ്ധതി നിർജീവമായിട്ടു് വർഷങ്ങളായി. പ്രദേശത്തെ 34 കുടുംബങ്ങൾക്കായി പതിനായിരം ലിറ്റർ സംഭരണശേഷിയുള്ള ടാങ്കും വിതരണ പൈപ്പുകളും സ്ഥാപിച്ചിരുന്നു. എന്നാൽ നാല് കുഴൽക്കിണറുകൾ നിർമിച്ചിട്ടും ഒരുതുള്ളി വെള്ളം പോലും തവളപ്പാറയിൽ എത്തിയില്ല. ലക്ഷങ്ങൾ മുടക്കി സ്ഥാപിച്ച അനുബന്ധ സാമഗ്രികൾ പാഴായി. നിലവിൽ നഗരസഭ നൽകുന്ന കുടിവെള്ളം താഴ്‌വാരത്തെ കിണറ്റിൽ സംഭരിച്ചാണ് തവളപ്പാറയിൽ വിതരണം ചെയ്യുന്നത്. കിണറ്റിൽ എക്കൽ അടിയുന്നതിനാൽ വെള്ളം കുടിക്കാൻ ഉപയോഗിക്കാനും കഴിയില്ല. ആഴ്ചയിൽ ഒരു കുടുംബത്തിനുനൂറ് ലിറ്റർ വെള്ളം പോലും ലഭിക്കുന്നില്ല. പുലർച്ചെ മുതൽ മലമുകളിലെ ഉറവകളിൽ നിന്നു വെള്ളം ശേഖരിച്ചാണ് കുടിക്കാനും വീട്ടാവശ്യത്തിനും ഉപയോഗിക്കുന്നത്.