മുട്ടം:മാത്തപ്പാറ ഭാഗത്ത് റോഡിന്റെ വശങ്ങളിലുള്ള പാഴ്മരങ്ങൾ അപകട ഭീഷണിയാകുന്നു. മാത്തപ്പാറ അമ്പാട്ട് കോളനി - ഐ എച്ച് ഡി പി കോളനി എന്നിങ്ങനെ രണ്ട് റോഡുകളിലായി മലങ്കര ജലസംഭരണിയോട് ചേർന്നുള്ള ഭാഗത്താണ് പാഴ്മരങ്ങൾ വ്യാപകമായിട്ടുള്ളത്. മഴക്കാലം ആരംഭിച്ചതോടെ ചെറിയ കാറ്റടിച്ചാൽ പോലും ഇവയുടെ ശിഖരങ്ങൾ ഒടിഞ്ഞു വീഴുന്നത് പതിവാണ്.കഴിഞ്ഞ ദിവസം അമ്പാട്ട് കോളനി ഭാഗത്തേക്ക്‌ ബൈക്കിൽ വന്ന നീലൂർ സ്വദേശിയുടെമേൽ മരക്കൊമ്പ് ഒടിഞ്ഞു വീണ് അപകടം സംഭവിച്ചിരുന്നു. അറക്കകണ്ടതിൽ എ യു രവീന്ദ്രൻ ആചാരിയുടെ വീടിന് മുന്നിൽ റോഡിനോട്‌ ചേർന്നുള്ള വലിയ വാകമരവും അമ്പാട്ട് കോളനി ഭാഗത്തേക്കുള്ള റോഡരികിലുള്ള പാഴ് മരങ്ങളും ചെറിയ കാറ്റടിച്ചാൽ പോലും ആടി ഉലയുന്നത് പ്രദേശ വാസികളെ ആശങ്കയിലാക്കുകയാണ്.മരങ്ങളോട് ചേർന്ന് വൈദ്യുതി ലൈൻ കടന്ന് പോകുന്നതും ഏറെ അപകട ഭീഷണിയാവുകയാണ്. അപകടാവസ്ഥയിലുള്ള മരങ്ങൾ മുറിച്ച് മാറ്റുകയോ ശിഖരങ്ങൾ മുറിച്ചു മാറ്റുകയോ ചെയ്യാൻ അധികൃതർ അടിയന്തിരമായി ഇടപെടണമെന്നാണ് പ്രദർശ വാസികളുടെ ആവശ്യം.