adm

കട്ടപ്പന: മാർക്കറ്റിലെ അവശ്യ വസ്തുക്കൾ വിൽക്കുന്ന വ്യാപാര സ്ഥാപനങ്ങൾ ഉൾപ്പെടെ എ.ഡി.എമ്മിന്റെ നേതൃത്വത്തിൽ അടപ്പിച്ചത് വ്യാപാരികളുടെ പ്രതിഷേധത്തിനിടയാക്കി. ഇന്നലെ രാവിലെ മാർക്കറ്റിലെത്തിയ എ.ഡി.എം. കടകൾ പൂട്ടിച്ചശേഷം തക്കോൽ വാങ്ങുകയായിരുന്നു. ഇതോടെ തുറന്നു പ്രവർത്തിക്കാൻ അനുമതിയുള്ള സ്ഥാപനങ്ങൾ ഏതൊക്കെയാണെന്നു വ്യക്തത വരുത്തണമെന്നു ആവശ്യപ്പെട്ട് വ്യാപാരികൾ രംഗത്തെത്തി. തുടർന്ന് കളക്ടർ ഇടപെട്ടതോടെയാണ് എ.ഡി.എം. തക്കോലുകൾ വ്യാപാരികൾക്ക് തിരികെ നൽകിയത്. ജില്ലയെ റെഡ് സോണായി പ്രഖ്യാപിച്ചതിനെ തുടർന്ന് നിത്യോപയോഗ സാധനങ്ങൾ വിൽക്കുന്ന സ്ഥാപനങ്ങൾ മാത്രമാണ് തുറന്നത്. രാവിലെ 11 മുതൽ വൈകിട്ട് അഞ്ച് വരെയായി പ്രവർത്തനസമയവും ക്രമീകരിച്ചിരുന്നു. എന്നാൽ തുറക്കാൻ അനുമതിയുള്ള കടകൾ ഏതൊക്കെയാണെന്നു പോലീസിനും ആരോഗ്യ വകുപ്പിനും അറിവില്ലാത്തതാണ് ആശയക്കുഴപ്പം സൃഷ്ടിക്കുന്നതെന്ന് വ്യാപാരികൾ പറയുന്നു. തിരക്ക് നിയന്ത്രണാതീതമായതോടെ കഴിഞ്ഞദിവസവും ഉച്ചയോടെ പൊലീസ് കടകൾ അടപ്പിച്ചിരുന്നു.