തൊടുപുഴ: രോഗം അന്തിമമായി സ്ഥിരീകരിച്ചില്ലെങ്കിലും തൊടുപുഴ നഗരസഭാ കൗൺസിലറും സ്റ്റാഫ് നഴ്സിന്റെയും ഫലം പൊസിറ്റീവാണെന്ന് അറിഞ്ഞതോടെ തൊടുപുഴ ജില്ലാ ആശുപത്രിയിലെയും നഗരസഭയിലെയും ഭൂരിഭാഗം പേരും നിരീക്ഷണത്തിലായി. നഗരസഭയിൽ ചെയർപേഴ്‌സണടക്കം 34 അംഗങ്ങളെയും നിരീക്ഷണത്തിലാക്കി. നഗരസഭ ഓഫീസിലെ സെക്രട്ടറിയടക്കം അറുപതോളം ജീവനക്കാരും നിരീക്ഷണത്തിലായതോടെ ഓഫീസിന്റെ പ്രവർത്തനവും നാമമാത്രമായി. പൊതുജനങ്ങളെ പ്രവേശിപ്പിക്കാതെ നഗരസഭാ കാര്യാലയം അടച്ചു. ഇന്നലെ മുതൽ സെക്രട്ടറിയുടെ താത്കാലിക ചുമതല ഹെൽത്ത് സൂപ്പർവൈസർ എൻ. രമേശ്കുമാറിന് കൈമാറി. സെക്രട്ടറി രാജശ്രീ പി. നായർ, സൂപ്രണ്ട് ജയകുമാർ, റവന്യൂ സൂപ്രണ്ട് വിനോദ് എന്നിവർ നിരീക്ഷണത്തിലാണ്. കൗൺസിലർ 21ന് നടന്ന കൗൺസിൽ യോഗത്തിൽ പങ്കെടുത്തിരുന്നു. കൂടാതെ പല ദിവസങ്ങളിലും ഓഫീസിൽ എത്തുകയും ജീവനക്കാരുമായി അടുത്തിടപഴകുകയും ചെയ്തിരുന്നു.
തൊടുപുഴ ജില്ലാ ആശുപത്രിയിലെ ഐസൊലേഷൻ വാർഡ് പ്രവിർത്തിക്കുന്ന കൊവിഡ് പ്രതിരോധ വിഭാഗം ഒഴിച്ച് മറ്റെല്ലാം അടച്ചു പൂട്ടി. ഒ.പിയും അത്യാഹിത വിഭാഗവും ഓപ്പറേഷൻ തിയേറ്ററും പൂട്ടി. ആശുപത്രിയ്ക്ക് സമീപത്തുള്ള പനി ക്ലിനിക്ക് പ്രവർത്തിക്കുന്നുണ്ട്. വിവിധ വിഭാഗങ്ങളിലെ 12 ഡോക്ടർമാർ നിരീക്ഷണത്തിലായി. ഹെഡടക്കം നഴ്‌സുമാർ- 22, നഴ്‌സിംഗ് അസിസ്റ്റന്റുമാർ- ഏഴ്, ഗ്രേഡ് ടു അറ്റൻഡർമാരും ആശാ വർക്കർമാരും- 19, ഫീൽഡ് സ്റ്റാഫ്- ആറ്, ഫാർമസിസ്റ്റ്- 3, ഇ.സി.ജി ടെക്‌നീഷ്യൻ- 2 എന്നിവരെല്ലാം നിരീക്ഷണത്തിലായി. കൊവിഡ് പ്രതിരോധ വിഭാഗത്തിൽ പ്രവർത്തിക്കേണ്ട ഡോക്ടർമാരെയും മറ്റു ജീവനക്കാരെയും നേരത്തെ തന്നെ നിശ്ചയിച്ച് ഇതിന്റെ പ്രവർത്തനത്തിലേക്ക് മാറ്റിയതിനാൽ ഐസൊലേഷൻ വാർഡ് തടസം കൂടാതെ പ്രവർത്തിക്കും. നിലവിൽ പരിശോധന ഫലം പോസിറ്റീവായ അഞ്ചുപേരും നിരീക്ഷണത്തിലുള്ള ഒരാളുമാണ് വാർഡിൽ കഴിയുന്നത്.
''മറ്റ് പിഎച്ച്‌സി, സിഎച്ച്‌സി എന്നിവിടങ്ങളിൽ നിന്ന് ഡോക്ടർമാരെയും മറ്റും ജില്ലാ ആശുപത്രിയിലേക്ക് സേവനത്തിനായി ലഭ്യമാക്കുന്നതിനുള്ള ശ്രമം നടത്തി വരികയാണ്""
- ഡോ. സുജ ജോസഫ് (ജില്ലാ ആശുപത്രി സൂപ്രണ്ട്)