കട്ടപ്പന: സ്വയം സഹായ സംഘങ്ങൾക്ക് സഹായവുമായി കട്ടപ്പന സർവീസ് സഹകരണ ബാങ്ക്. ബാങ്കിൽ അംഗത്വമുള്ള 250 സംഘങ്ങൾക്കായി ഒരു കോടി രൂപ പലിശരഹിത വായ്പയായി നൽകും. ഇന്നുമുതൽ 60,000 രൂപ വീതം വായ്പ വിതരണം ആരംഭിക്കും. ഒൻപത് മാസമാണ് തിരിച്ചടവ് കാലയളവ്. കൂടാതെ സ്വർണപ്പണയ വായ്പയായി ഒരു കുടുംബത്തിന് 25,000 രൂപയും പലിശയില്ലാതെ ലഭ്യമാക്കുമെന്നും പ്രസിഡന്റ് ജോയി വെട്ടിക്കുഴി പറഞ്ഞു.
ലോക്ക്ഡൗൺ കാലത്ത് നിരവധി സന്നദ്ധ പ്രവർത്തനങ്ങളാണ് ബാങ്ക് നടത്തിവരുന്നത്. കട്ടപ്പനയിലെ അഗതിമന്ദിരങ്ങളിൽ ആവശ്യമായ ഭക്ഷ്യസാധനങ്ങൾ ലഭ്യമാക്കി. നഗരസഭയിലെ 34 വാർഡുകളിലുമായി 15000ൽപ്പരം മുഖാവരണങ്ങളും വിതരണം ചെയ്തു.