ഇടുക്കി:ഇടുക്കിയിൽ കോവിഡ് പരിശോധന ഫലങ്ങൾ വൈകുന്നതിൽ പ്രതിഷേധിച്ചും അടിയന്തിരമായി പി. സി. ആർ ലാബ് സൗകര്യം ഏർപ്പടുത്തണമെന്നും ആവശ്യപ്പെട്ട് മെഡിക്കൽ കോളേജിനു മുമ്പിൽ ഏകദിന ഉപവാസ സമരം നടത്തുമെന്ന് ഡീൻ കുര്യാക്കോസ് എം. പി അറിയിച്ചു. ഇന്ന് രാവിലെ 10 മുതലാണ് ഉപവാസ സമരം.രോഗനിർണ്ണയത്തിനുള്ള ഇടുക്കിയിൽ നിന്നുള്ള സ്രവങ്ങൾ പരിശോധിക്കുന്ന കോട്ടയത്തെ സ്രവ പരിശോധനാ കേന്ദ്രത്തിൽ മെഷീൻ തകരാറായതു പോലും പരിഹരിക്കാൻ കഴിയാത്തത് സർക്കാരിന്റെ തികഞ്ഞ അനാസ്ഥയാണ്. റെഡ് സോണിൽ ആയതിനു ശേഷം ഇടുക്കിയിൽ നൂറുകണക്കിന് പേരാണ് കോവിഡ് പരിശോധനക്ക് വിധേയരാകുന്നത്. പരിശോധനക്ക് വിട്ടതിനു ശേഷം ഫലം വരുന്നത് മൂന്ന് ദിവസമെങ്കിലും കഴിഞ്ഞാണ്.ഇതിനിടയിൽ പരിഭ്രാന്തി വർദ്ധിക്കുന്ന തരത്തിലാണ് സർക്കാർ നിസ്സംഗത വച്ചു പുലർത്തുന്നത്.ആദ്യ ഘട്ടത്തിൽ തന്നെ മറ്റു ജില്ലകളിലെ പോലെ പി. സി. ആർ ലാബ് ഇടുക്കിയിൽ സജ്ജീകരിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നതാണ്. എന്നാൽ അത് നിരാകരിക്കുകയും ഇപ്പോൾ മാത്രമാണ് ഇക്കാര്യത്തിൽ ആലോചന ആരംഭിക്കുന്നത്. കൃത്യ സമയത്ത് പരിശോധനാ ഫലം ലഭിക്കാത്തതിനാൽ മൂന്നുദിവസമായിട്ടും കരിമണ്ണൂരിൽ ഒരു യുവതി മരിച്ചിട്ടും മൃതദേഹം സംസ്‌കരിക്കാൻ കഴിഞ്ഞിട്ടില്ല. ഈ ദുരവസ്ഥക്ക് പരിഹാരമുണ്ടാക്കാനാണ് ഏകദിന ഉപവാസ സമരത്തിന് നേതൃത്വം നൽകുന്നത്. കോവിഡ് നിയന്ത്രണങ്ങൾ നിലനിൽക്കുന്നതിനാൽ ആരെയും സമരം നടത്തുന്ന സ്ഥലത്തേക്ക് ക്ഷണിക്കുന്നില്ലെന്നും എം. പി അറിയിച്ചു.