തൊടുപുഴ: ലോക്ക്ഡൗൺ മൂലം ബാർബർ ബ്യൂട്ടീഷ്യൻസ് തൊഴിലാളി കുടുംബങ്ങൾ വളരെ ബുദ്ധിമുട്ടിലായ സാഹചര്യത്തിൽ ഇവർക്ക് അടിയന്തിര ധനസഹായം ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് ഡീൻ കുര്യാക്കോസ് എം.പി മുഖ്യമന്ത്രിക്ക് കത്ത് നൽകി. തൊഴിൽ ഇല്ലാതെയായിട്ട് ഒരു മാസം പിന്നിടുമ്പോഴും പട്ടിണിയും കഷ്ടപ്പാടും ആണെങ്കിലും സാമൂഹ്യ പ്രതിബദ്ധത മുൻനിർത്തി സർക്കാർ നിർദേശങ്ങൾ പാലിച്ചുകൊണ്ട് അവർ വീട്ടിൽ തന്നെ തുടരുകയാണ്. ക്ഷേമനിധി ബോർഡിൽ നിന്നും കിട്ടുമെന്ന് പറഞ്ഞിരിക്കുന്ന സഹായം 1000 രൂപ ഇതുവരെ അവർക്ക് ലഭിച്ചു തുടങ്ങിയിട്ടില്ല. ക്ഷേമനിധിയിൽ അംഗത്വമില്ലാത്തവർക്ക് 1000 രൂപ ലഭിക്കുമെന്ന് പറഞ്ഞിരുന്നെങ്കിലും ഇക്കാര്യത്തിലെ അവ്യക്തത നിലനിൽക്കുന്നു. ഒരുവിഭാഗം അന്യസംസ്ഥാന തൊഴിലാളികൾ വീട് വീടാന്തരം കയറി ഇറങ്ങി യാതൊരു മാനദണ്ഡവും പാലിക്കാതെ ബാർബർ തൊഴിൽ ചെയ്യുന്നതായി ശ്രദ്ധയിൽവന്നിട്ടുണ്ട്. ഇത് രോഗവ്യാപനത്തിന് ഇടയാക്കും. നിലവിലെ സാഹചര്യത്തിൽ അന്യസംസ്ഥാന തൊഴിലാളികളെ വീട്ടിൽ പോയി ജോലി ചെയ്യാൻ അനുവദിക്കരുതെന്നും വൈകാതെ ആരോഗ്യ വകുപ്പ് നിർദേശിക്കുന്ന എല്ലാ മാനദന്ധങ്ങളും പാലിച്ചുകൊണ്ട് ബാർബർ ഷോപ്പുകൾ സമയ ബന്ധിതമായി തുറക്കാൻ അനുവദിക്കേണം. ബാർബർ,ബ്യൂട്ടീഷ്യൻ തൊഴിലാളികൾ നിത്യവൃത്തിക്കു ബുദ്ധിമുട്ടുന്ന സാഹചര്യത്തിൽ അടിയന്തിരമായി 20,000 രൂപയെങ്കിലും പലിശ രഹിത വായ്പ അനുവദിക്കേണമെന്നും ക്ഷേമനിധിയിൽ അംഗത്വമില്ലാത്തവർ ഉൾപ്പെടെ എല്ലാ തൊഴിലാളികൾക്കും അടിയന്തിര ധനസഹായം ലഭ്യമാക്കണമെന്നും ഡീൻ കുര്യാക്കോസ് ആവശ്യപ്പെട്ടു.