രാജക്കാട്: കൊവിഡ്-19 പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കുന്നതിന്റെ ഭാഗമായി രാജാക്കാട് പഞ്ചായത്ത് ഭാരതീയ ചികിത്സാ വകുപ്പിന്റെ സഹകരണത്തോടെ ആയുർശുദ്ധി നടപ്പിലാക്കുന്നു. ഗൃഹാന്തരീക്ഷത്തിലെ അണുക്കളുടെയും കൊതുകിന്റെയും സാന്നിദ്ധ്യം കുറയ്ക്കാൻ ആയുർവേദ ഔഷധ ചൂർണം ഉപയോഗിച്ച് ഒരു ദിവസം ഒരേസമയം രാജാക്കാട് പഞ്ചായത്തിലെ എല്ലാ വീടുകളും സ്ഥാപനങ്ങളും പുകയ്ക്കും. ഇന്ന് വൈകിട്ട് അഞ്ചിന് രാജാക്കാട് ഗ്രാമം ഒന്നാകെ ഇതിൽ പങ്കെടുക്കും. പകർച്ചവ്യാധി പ്രതിരോധത്തിൽ ആയൂർവേദത്തിന്റെ സാദ്ധ്യതകൾ ഉപയോഗപ്പെടുത്തി 'കരുതലോടെ കേരളം കരുത്തേകാൻ ആയുർവേദം' എന്ന സന്ദേശത്തോടെ സർക്കാർ പ്രഖ്യാപിച്ച ആയുർരക്ഷാ ക്ലിനിക്കിന്റെ പ്രവർത്തനങ്ങൾ ഊർജിതമാക്കുകയാണ് ലക്ഷ്യം.