മൂന്നുപേരുടെ പുനരിശോധനാ ഫലം നെഗറ്റീവായി

തൊടുപുഴ: കഴിഞ്ഞ ദിവസം റാൻഡം പരിശോധനയിൽ കൊവിഡ് പോസിറ്റീവ് കണ്ടെത്തിയ മൂന്നു പരിശോധനാഫലവും നെഗറ്റീവായതോടെ ഇടുക്കിയ്ക്ക് ആശ്വസിക്കാം. ആലപ്പുഴ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലെ തുടർപരിശോധനയിലാണ് മൂന്ന് പേരുടെയും ഫലങ്ങൾ നെഗറ്റീവാണെന്ന് തെളിഞ്ഞത്. കോട്ടയത്തെ ലാബിൽ പോസിറ്റീവ് ഫലം വന്ന അതേ സ്രവം തന്നെ പുനഃപരിശോധിച്ചപ്പോഴാണ് നെഗറ്റീവായി മാറിയത്. റാൻഡം ടെസ്റ്റിലെ പിഴവാണെന്നാണ് ആരോഗ്യവകുപ്പ് അധികൃതരുടെ നിഗമനം. ഇതോടെ മെഡിക്കൽ ബോർഡ് ചേർന്ന ശേഷം അധികം താമസിയാതെ ഇവരെ ഡിസ്ചാർജ് ചെയ്യും. ഇവരുമായി സമ്പർക്കത്തിലേർപ്പെട്ടവർ ഇനി നിരീക്ഷണത്തിലാകേണ്ടതില്ലെന്നും ഇടുക്കി ഡി.എം.ഒ ഡോ. എൻ. പ്രിയ പറഞ്ഞു. തൊടുപുഴ നഗരസഭയിലെ 35കാരിയായ കൗൺസിലർ, തൊടുപുഴ ജില്ലാ ആശുപത്രിയിലെ സ്റ്റാഫ് നഴ്സായ പൈങ്ങോട്ടൂരിലെ അമ്പതുകാരി, ബംഗളുരുവിൽ നിന്ന് വന്ന നാരകക്കാനത്തെ യുവാവ് എന്നിവരുടെ ആദ്യ പരിശോധനാ ഫലമാണ് പോസിറ്റീവായത്. ഇവർക്ക് രോഗലക്ഷണങ്ങളൊന്നുമുണ്ടായിരുന്നില്ല. മുൻകരുതലെന്ന നിലയിൽ മൂവരെയും ആശുപത്രി ഐസൊലേഷൻ വാർഡിലേക്ക് മാറ്റിയിരുന്നു. ഇവർക്ക് രോഗം സ്ഥിരീകരിച്ചെന്ന് തിങ്കളാഴ്ച ജില്ലാ കളക്ടർ എച്ച്. ദിനേശൻ മാദ്ധ്യമങ്ങളോട് പറഞ്ഞതും വൈകിട്ട് മുഖ്യമന്ത്രി തുടർ പരിശോധനയിലൂടെ മാത്രമേ രോഗം സ്ഥിരീകരിക്കാനാവൂവെന്ന് പറഞ്ഞത് വിവാദമായിരുന്നു.

സ്റ്റാഫ് നഴ്സും നഗരസഭാ കൗൺസിലറും നിരവധി പേരുമായി സമ്പർക്കം പുലർത്തിയിരുന്നു. ചൊവ്വാഴ്ച തന്നെ ജില്ലാ ആശുപത്രിയിലെ 12 ഡോക്ടർമാരും 22 നഴ്സുമാരുമടക്കം അറുപതിലേറെ പേർ നിരീക്ഷണത്തിൽ പോയി. ആശുപത്രിയിലെ ഒ.പി, അത്യാഹിതവിഭാഗം, ഓപ്പറേഷൻ തിയേറ്റർ എന്നിവ അടച്ചിരുന്നു. തൊടുപുഴ നഗരസഭയിലെ 35 കൗൺസിലർമാരോടും 65 ജീവനക്കാരോടും നിരീക്ഷണത്തിൽ പോകാൻ നിർദ്ദേശിച്ചിരുന്നു. തൊടുപുഴ നഗരസഭ കാര്യാലയവും ഭാഗികമായി അടച്ചു. എന്നാൽ ഇവരുടെ ഫലം നെഗറ്റീവായതോടെ തൊടുപുഴയിലുള്ളവരുടെ ആശങ്കയ്ക്ക് ഒരു പരിധി വരെ അറുതിയായി.