തൊടുപുഴ: ഇന്നലെ വൈകിട്ടോടെ ആഞ്ഞുവീശിയ കാറ്റ് നഗരത്തെ വിറപ്പിച്ചു. നാലു മണിയോടെ മഴയ്ക്കൊപ്പം വീശിയ കാറ്റാണ് നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ നാശം വിതച്ചത്. മിനിറ്റുകളോളം വലിയ ശബ്ദത്തോടെ വീശിയടിച്ച കാറ്റിൽ ഒട്ടേറെ മരങ്ങൾ ഒടിഞ്ഞു വീണു. നഗരത്തിലെ ഒട്ടേറെ സ്ഥാപനങ്ങളുടെ ബോർഡുകളും കടകളുടെ മുൻ ഭാഗവും കാറ്റിൽ തകർന്നു. വ്യാപാര സ്ഥാപനങ്ങളുടെ മേച്ചിൽ പുറങ്ങളും കാറ്റിൽ തകർന്നു. സിവിൽ സ്റ്റേഷൻ വളപ്പിൽ കാഞ്ഞിരമറ്റം ബൈപാസ് ജംഗ്ഷനിൽ നിൽക്കുന്ന മാവിന്റെ വലിയ ശിഖരം ഒടിഞ്ഞ് പാർക്ക് ചെയ്തിരുന്ന കാറിലേക്ക് വീണു. കാർ ഭാഗികമായി തകർന്നു. ഗാന്ധിസ്‌ക്വയറിലും ടാക്സി സ്റ്റാൻഡിലും മരം ഒടിഞ്ഞുവീണു. നിരവധി വൈദ്യുതി കമ്പികൾ പൊട്ടി വീണു. ഫയർഫോഴ്സ് എത്തിയാണ് പലയിടത്തും വൈദ്യുതി ലൈനിൽ നിന്ന് മരം മുറിച്ചുമാറ്റിയത്. നഗരത്തിലും സമീപ പ്രദേശങ്ങൾക്കും കാറ്റിൽ വീടുകൾക്കും നാശമുണ്ടായി. നിരവധി പേരുടെ കൃഷിക്കും നാശമുണ്ടായി. വ്യാഴാഴ്ച രാത്രിയോടെയാണ് പലയിടങ്ങളിലും വൈദ്യുതി ബന്ധം പുനഃസ്ഥാപിച്ചത്.