ഇടവെട്ടി: പഞ്ചായത്തിലെ ഒന്നാം വാർഡിലെ ഉയർന്ന പ്രദേശമായ മൈലാടുംപാറ ഭാഗത്തെ പതിനഞ്ചോളം കുടുംബങ്ങൾക്ക് കുടിവെള്ളം വിതരണം ചെയ്തു. കഴിഞ്ഞ ഒരാഴ്ചയായി ഇവർക്ക് കുടിവെള്ളം ലഭിക്കുന്നില്ലായിരുന്നു. വാട്ടർ അതോറിട്ടിയുടെ കുടിവെള്ളത്തെ ആശ്രയിച്ചാണ് ഈ പ്രദേശത്തുകാർ കഴിയുന്നത്. എന്നാൽ പഞ്ചായത്തിന്റെ തനത് കുടിവെള്ള പദ്ധതി വന്നതിന് ശേഷം ഈ പ്രദേശത്തുകാർക്ക് കുടിവെള്ളം വല്ലപ്പോഴും മാത്രമേ ലഭിക്കൂ. പഞ്ചായത്തിലും വാട്ടർ അതോറിട്ടിയിലും നിരവധി തവണ ഇവിടത്തുകാർ പരാതിയുമായി എത്തിയെങ്കിലും യാതൊരു നടപടിയും ഉണ്ടായില്ല. ലോക്ക് ഡൗൺ കാലം കഴിയും വരെ ഇവർക്ക് സൗജന്യമായി കുടിവെള്ളമെത്തിക്കുമെന്ന് പഞ്ചായത്തംഗമായിരുന്ന ടി.എം. മുജീബ് പറഞ്ഞു.