തൊടുപുഴ: കൊവിഡ് പരിശോധന ഫലം വൈകുന്നതു മൂലം വീട്ടമ്മയുടെ മൃതദേഹം സംസ്‌കരിക്കാനാവാതെ മോർച്ചറിയിൽ. മൂന്നു ദിവസമായി മൃതദേഹം സംസ്‌ക്കരിക്കാതെ കാത്തിരിക്കുന്നതിനാൽ ഇവരുടെ ബന്ധുക്കളും പ്രതിസന്ധിയിലായി. കാരിക്കോട് മ്യാൽകണ്ടത്തിൽ നൗഷാദിന്റെ ഭാര്യ റസീനയുടെ (45) മൃതദേഹമാണ് തൊടുപുഴ അൽ- അസ്ഹർ ആശുപത്രിയിലെ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്നത്. കഴിഞ്ഞ തിങ്കളാഴ്ച രാത്രിയാണ് റസീനയെ നെഞ്ചുവേദനയെ തുടർന്ന് തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. രണ്ടു വർഷമായി ഹൃദയ സംബന്ധമായ രോഗത്തിന് ചികിത്സയിലായിരുന്നു റസീന. ആശുപത്രിയിലെത്തിച്ചെങ്കിലും ചൊവ്വാഴ്ച പുലർച്ചെ റസീന മരിച്ചു. മൃതദേഹം സംസ്‌കരിക്കുന്നതിനുള്ള ക്രമീകരണങ്ങൾ നടത്തുന്നതിനിടെ സ്രവം പരിശോധനയ്ക്ക് എടുത്തതിനു ശേഷമേ സംസ്‌കാരം നടത്താവൂ എന്ന് ആരോഗ്യ പ്രവർത്തകർ അറിയിച്ചു. തുടർന്ന് ജില്ലാ ആശുപത്രിയിൽ സ്രവം ശേഖരിച്ച് മൃതദേഹം വീട്ടിലേക്ക് മാറ്റാൻ ബന്ധുക്കൾ ശ്രമിക്കുന്നതിനിടെ പരിശോധന ഫലം ലഭിക്കുന്നതു വരെ മൃതദേഹം അടക്കം ചെയ്യരുതെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. നഗരസഭ കൗൺസിലർക്ക് കോവിഡ് ബാധിച്ചതോടെയാണ് മൃതദേഹം അടക്കം ചെയ്യുന്നത് തടഞ്ഞത്. തുടർന്നാണ് ബന്ധുക്കൾ മൃതദേഹം സ്വകാര്യ ആശുപത്രി മോർച്ചറിയിലേക്കു മാറ്റി പരിശോധന ഫലത്തിനായി കാത്തിരുന്നത്. മൂന്നു ദിവസത്തെ കാത്തിരിപ്പിനു ശേഷം ഇന്നലെയാണ് ഫലം നെഗറ്റീവാണെന്ന് റിപ്പോർട്ട് ലഭിച്ചത്. തുടർന്ന് മൃതദേഹം സംസ്‌കരിക്കാമെന്ന് അധികൃതർ ബന്ധുക്കളെ അറിയിക്കുകയായിരുന്നു. സംസ്‌കാരം ഇന്ന് തൊമ്മൻകുത്ത് മുഹയ്ദീൻ ജുമാമസ്ജിദിൽ നടക്കും. വിദ്യാർത്ഥികളായ അസ്ലം, ബിസ്മി , അസ്മി എന്നിവരാണ് മക്കൾ.