എടക്കാട്: കാടാച്ചിറയിലെ ക്വാർട്ടേഴ്സിൽ യുവതിയെ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത. യുവതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ ക്വാർട്ടേഴ്സിൽ ഒരാൾ ഉണ്ടായിരുന്നതായി പൊലീസിന് വിവരം ലഭിച്ചു. തൂങ്ങിമരിച്ച യുവതിയെ കസേരയിൽ ഇരുത്തിയശേഷം വീടുപൂട്ടി ഇയാൾ പുറത്തേക്ക് പോകുകയായിരുന്നുവെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. എടക്കാട് എസ്.ഐ മഹേഷ് കണ്ടമ്പേത്തിന്റെ നേതൃത്വത്തിലാണ് അന്വേഷണം.
പാലയാട്ടെ ശങ്കരൻ -അമ്മാളു ദമ്പതികളുടെ മകൾ നിഷ (36)യാണ് മരിച്ചത്. നിഷ മക്കളുമായി ക്വാർട്ടേഴ്സിൽ വാടകയ്ക്ക് താമസിക്കുകയായിരുന്നു. ഭർത്താവുമായുള്ള ബന്ധം വേർപിരിഞ്ഞിരുന്നു. ബന്ധുവീട്ടിലായിരുന്ന കുട്ടികൾ ബുധനാഴ്ച വൈകിട്ട് സ്‌കൂൾ വിട്ട് വന്നപ്പോൾ നിഷയെ കണ്ടില്ല. തുടർന്നു നാട്ടുകാർ നടത്തിയ അന്വേഷണത്തിലാണു വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടത്.
കസേരയിൽ ഇരുന്ന നിലയിലായിരുന്നു മൃതദേഹം. എന്നാൽ തൂങ്ങിയ കയറും മറ്റും കണ്ടതു മറ്റൊരു മുറിയിലായിരുന്നു. ഡോഗ് സ്‌ക്വാഡ്, വിരലടയാള വിദഗ്ദർ , ഫോറൻസിക് വിഭാഗം ഉദ്യോഗസ്ഥർ എന്നിവരും സ്ഥലത്തെത്തി. പൊലീസ് നായ 200 മീറ്റർ ഓടി കൂത്തുപറമ്പ് ഭാഗത്തെ ഒരു വീടിനു സമീപം എത്തി നില്ക്കുകയായിരുന്നു. ഷാനു, ഷൈൻ എന്നിവരാണ് നിഷയുടെ മക്കൾ.