കണ്ണൂർ: വൃദ്ധർക്കും വിധവകൾക്കുമൊക്കെ പെൻഷൻ തുകയൊക്കെ കൊടുക്കുമ്പോൾ ഞങ്ങളെയൊക്കെ മറന്നോ എന്നാണ് സംസ്ഥാനത്തെ വൃക്ക രോഗികളുടെ ചോദ്യം. ആശ്വാസ കിരണം പദ്ധതിയിൽ ഉൾപ്പെടുത്തി ഡയാലിസിസിന് വിധേയരാകുന്നവർക്കും വൃക്ക മാറ്റി വച്ചവർക്ക് അഞ്ച് വർഷം വരെയും പ്രതിമാസ പെൻഷൻ നൽകാറുണ്ടായിരുന്നു. എന്നാൽ ഒന്നര വർഷത്തോളമായി ഇത് മുടങ്ങിയെന്ന് കിഡ്നി കെയർ കേരള കണ്ണൂർ ജില്ലാ ജോയിന്റ് സെക്രട്ടറി ജയരാജൻ കനോടത്തിൽ പറയുന്നു. ഉദാരമതികളുടെ കാരുണ്യത്താൽ മൂന്ന് വർഷം മുൻപ് വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് വിധേയനായ ആളാണിദ്ദേഹം.

സംസ്ഥാനത്ത് ആയിരക്കണക്കിന് രോഗികൾ വൃക്കയുടെ പ്രശ്നത്താൽ വലയുന്നുണ്ട്. ഇത്തരമൊരു അസുഖം വന്നാൽ ഒരു കുടുംബത്തിന്റെ സാമ്പത്തിക സ്ഥിതി തകരാർ വേറെ കാരണമൊന്നും അന്വേഷിക്കേണ്ടെന്ന് ജയരാജൻ പറയുന്നു. ആഴ്ചയിൽ നാലോളം തവണയായി 12 മണിക്കൂറാണ് ഡയാലിസിസ് നടത്തേണ്ടത്. ജില്ലാ ആശുപത്രിയിൽ ഒരു തവണ 450 രൂപയിൽ ഒതുങ്ങുമെങ്കിൽ പുറത്ത് ഇതിന് 2000 രൂപ വേണം. ലോക്ക്ഡൗൺ പ്രഖ്യാപിച്ചതോടെ ബന്ധുക്കൾക്ക് പോലും പണത്തിന് മുട്ടായി. ഇതോടെ അനവധി പേർക്ക് മുന്നിൽ ജീവൻ ചോദ്യചിഹ്നമായി നിൽക്കുകയാണ്.

സംസ്ഥാനത്ത് 25 വർഷം വരെ ഡയാലിസിസ് തുടർന്ന് സകല സ്വത്തും നശിച്ചവരുണ്ട്. വൃക്ക ദാനമായി കിട്ടുന്നതൊക്കെ ഓരോരുത്തരുടെ ഭാഗ്യം പോലിരിക്കുമെന്ന് ഇദ്ദേഹം പറയുന്നു. ക്രിസ്ത്യൻ പുരോഹിതൻ വഴി ഒരു വ്യക്തി നൽകിയതാണ് ഇദ്ദേഹത്തിന്റെ ശരീരത്തിലെ വൃക്ക. ഇത് മാറ്റിവച്ച ശേഷം ആവും വിധം ജയരാജൻ കുലത്തൊഴിലായ മരപ്പണിയിൽ ഏർപ്പെടുന്നുണ്ട്. ഇരിക്കുമ്പോൾ കടുത്ത വേദനയുണ്ട് ഇപ്പോഴും. ഇതിനാൽ ആൾക്കാർ കൂലിപ്പണിയ്ക്ക് വിളിക്കില്ല. ഇതോടെ ആവുംവിധം വീട്ടുപകരണങ്ങൾ നിർമ്മിച്ച് നൽകാറാണ് പതിവ്.

ശസ്ത്രക്രിയയ്ക്ക് ശേഷം പുത്തൻ വൃക്കയെ ശരീരം തിരസ്കരിക്കാതിരിക്കാൻ ആറായിരം മുതൽ പതിനയ്യായിരം രൂപയുടെ വരെ മരുന്ന് കഴിക്കേണ്ടി വരുന്നുണ്ട്. ഇതൊന്നും ആരും ശ്രദ്ധിക്കാറില്ല. മൈസെപ്റ്റ് എസ് 360 എന്ന മരുന്നിന് മാത്രം കാരുണ്യയിൽ മുപ്പത് രൂപയും പുറത്ത് തൊണ്ണൂറുമാണ്. ഇത് ദിവസം രണ്ട് നേരം കഴിക്കേണ്ടി വരും. രണ്ട് മാസത്തിനിടെ പരിശോധന നടത്താനും പോകണം. ഇത്തരം ഒട്ടേറെ പ്രശ്നം വൃക്ക രോഗികൾ അനുഭവിക്കുന്നു.

ഇതിനിടെ ഇത്തരം ദുരന്തങ്ങൾ ഉണ്ടായാൽ സാമ്പത്തിക ക്ലേശം രൂക്ഷമാകും. ഡയാലിസിസ് കാലത്ത് കൈ ഞരമ്പിൽ സ്ഥാപിച്ച ഉപകരണമൊക്കെ ശസ്ത്രക്രിയ നടത്തി മാറ്റാൻ പണമില്ലാതെ പേറി നടക്കേണ്ടി വരുന്നവരും സംസ്ഥാനത്ത് ധാരാളമുണ്ട്. എവിടെയെങ്കിലും തട്ടി കൈ മുറിഞ്ഞാൽ ഇതിലൂടെ രക്തം നഷ്ടമായി ജീവനെ വരെ ബാധിക്കും. ഇവരെയൊക്കെ കൊറോണ കാലത്ത് ആരും ശ്രദ്ധിക്കുന്നില്ലെന്നാണ് പരാതി.