covid-

പോർട്ട് ബ്ലെയർ: തദ്ദേശീയരായ ആദിവാസികളിലേക്ക് കൊവിഡ് 19 വ്യാപിച്ചാൽ എന്തു ചെയ്യുമെന്നായിരുന്നു ആൻഡമാൻ നിക്കോബാർ ദ്വീപ് അധികൃതരുടെ ആശങ്ക. അതിനായി ശക്തമായ പ്രതിരോധ പ്രവർത്തനം തന്നെ ദ്വീപിൽ നടത്തി. മറ്റിടങ്ങളിൽ നിന്ന് മടങ്ങിയെത്തിയ 11 പേർക്ക് കൊവിഡ് ടെസ്റ്റ് നെഗറ്റീവ് ആയതോടെ ദ്വീപ് അധികൃതർക്ക് ആശ്വാസമായി. കാലാപാനി എന്നറിയപ്പെടുന്ന ഒരു ദ്വീപിൽ കൊവിഡിനെ തോൽപ്പിക്കാൻ സാധിച്ചില്ലായിരുന്നെങ്കിൽ ഒരു വംശത്തിനുതന്നെ അത് വലിയ ഭീഷണി ഉയർത്തിയേനെ.

സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുത്ത ഇന്ത്യക്കാരെ ബ്രിട്ടീഷുകാർ തടവിൽ പാർപ്പിച്ച സ്ഥലമാണ് ബംഗാൾ ഉൾക്കടലിലെ ഈ ദ്വീപുകൾ. ഇന്നത്തെ താമസക്കാരിൽ മലയാളികളടക്കം ഉണ്ടെങ്കിലും ദ്വീപിന്റെ യഥാർത്ഥ ഉടമകൾ ആദിവാസികളാണ്. കുടിയേറ്റത്തിന് മുൻപ് മറ്റു ജനങ്ങളുമായി സമ്പർക്കമില്ലാതെ വേട്ടയാടിയായിരുന്നു ഇവർ ജീവിച്ചിരുന്നത്. ഇതിലൊരു വിഭാഗം പതിയെ കുടിയേറ്റക്കാരുമായി അടുത്തു. എന്നാൽ ഇന്നും സമൂഹവുമായി ബന്ധപ്പെടാൻ മടിക്കുന്നവരാണ് ആദിവാസികളിൽ ഭൂരിഭാഗവും.

ദക്ഷിണ- മധ്യ ആന്തമാൻ ദ്വീപുകളിൽ കഴിയുന്ന ജാരവകളും സെന്റിനൽ ദ്വീപിൽ വസിക്കുന്ന സെന്റിലിനീസുകളും ഇന്നും ശിലായുഗ വാസികളാണ്. ഒരു കാലത്ത് ജാരവകൾ ധാരാളമായി പോർട്ട് ബ്ലയറിൽ ഉണ്ടായിരുന്നു, എന്നാൽ കുടിയേറ്റം കാരണം ഇവർ വനത്തിനുള്ളിലേക്ക് ഒതുങ്ങി. ചുരുണ്ട മുടിയും ബലിഷ്ഠമായ കൈകാലുകളും ശക്തിയേറിയ വലിയ പല്ലുമാണ് ഇവരുടെ പ്രത്യേകത. നാലുമുതൽ അഞ്ചടി വരെ ഉയരമുണ്ട്. വയറിനു മുകളിൽ മരച്ചീളുകൾ കൊണ്ടുണ്ടാക്കിയ ഒരുകവചം എപ്പോഴും കാണാം. ഇതിലാണ് ആയുധങ്ങൾ സൂക്ഷിക്കുന്നത്. പക്ഷിമൃഗാദികളും കടലിൽ നിന്നു പിടിക്കുന്ന മത്സ്യവും കാട്ടുകനികളും ആണ് ഭക്ഷണം.

ഇരുനൂറോളം ജാരവകളുണ്ടെന്നാണ് കരുതുന്നത്, സെന്റിലിനീസുകൾ നൂറിൽ താഴയേ വരൂ. മരുന്നുകളോ മറ്റ് ആധുനിക ചികിത്സാ രീതികളോ സ്വീകരിക്കാൻ തയ്യാറാകാത്ത ഇവർക്കിടയിൽ വൈറസ് വ്യാപനം ഉണ്ടായിരുന്നെങ്കിൽ വലിയ ഭീഷണിയായേനെ. കൊവിഡ് 19 വ്യാപിക്കുന്നതിന്റെ പശ്ചാത്തലത്തിൽ മാർച്ചിൽ തന്നെ ആൻഡമാൻ നിക്കോബാർ ദ്വീപിൽ സഞ്ചാരികൾക്ക് വിലക്ക് ഏർപ്പെടുത്തിയിരുന്നു.

രോഗ ബാധിതരെ കണ്ടെത്താൻ പൂൾ ടെസ്റ്റിംഗ് നടത്തിയ ഇന്ത്യയിലെ ചുരുക്കം പ്രദേശങ്ങളിൽ ഒന്നായിരുന്നു ആൻഡമാൻ. പരിശോധനകളുടെ എണ്ണം കൂട്ടിയപ്പോഴാണ് രോഗികളെ കണ്ടെത്തി രോഗം നിയന്ത്രിക്കാനായത്. 225 പേരെ ക്വാറന്റൈനിലാക്കി തുടക്കത്തിൽ തന്നെ ജാഗ്രത കാട്ടിയിരുന്നു.