കണ്ണൂർ: കൊവിഡ് 19മായി ബന്ധപ്പെട്ട് അടിയന്തര സാഹചര്യങ്ങളിൽ ജില്ലയിലെ സ്വകാര്യ ആംബുലൻസുകളുടെ സേവനം വിട്ടുനൽകുമെന്ന് ഉടമകൾ. കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ചേർന്ന യോഗത്തിലാണ് ഇവർ ഉറപ്പ് നൽകിയത്. ഈ സാഹചര്യത്തിൽ ആംബുലൻസ് ഉപയോഗിക്കുന്നവർക്കുള്ള സുരക്ഷാ നിർദേശങ്ങൾ ജൂനിയർ അഡ്മിനിസ്‌ട്രേറ്റീവ് മെഡിക്കൽ ഓഫീസർ ഡോ. ബി സന്തോഷ് വിശദീകരിച്ചു.ജൂനിയർ അഡ്മിനിസ്‌ട്രേറ്റീവ് മെഡിക്കൽ ഓഫീസർ ഡോ. ബി സന്തോഷ്, ജില്ലാ മലേറിയ ഓഫീസർ ഡോ. സുരേഷ്, ഡെപ്യൂട്ടി ഡി എം ഒമാരായ ഡോ. എം പ്രീത, വി സുധീർ, ഹുസൂർ ശിരസ്തദാർ പി വി അശോകൻ എന്നിവർ സംസാരിച്ചു.


ഡ്രൈവർക്ക് എൻ.95 മാസ്ക്

രോഗിയെ ആശുപത്രിയിലേക്ക് കൊണ്ടു പോകുമ്പോഴും മറ്റും പേടിക്കേണ്ട ആവശ്യമില്ല. ഈ സമയം ഡ്രൈവർ എൻ 95 മാസ്‌ക് ഉപയോഗിച്ചാൽ മതിയാകും. എന്നാൽ രോഗിയെ ആംബുലൻസിൽ കയറ്റേണ്ടി വരുന്നതുൾപ്പെടെയുള്ള സാഹചര്യത്തിൽ മാസ്‌കും ഗ്ലൗസും ധരിക്കണം. ആവശ്യമെങ്കിൽ ഈ സമയം സുരക്ഷാ വസ്ത്രങ്ങളും അണിയാം. ഓരോ തവണയും ആംബുലൻസിന്റെ ഉൾവശവും വാതിലും ക്ലോറിൻ ലായനി ഉപയോഗിച്ച് തുടച്ച് വൃത്തിയാക്കണമെന്നും അദ്ദേഹം പറഞ്ഞു.
പലരും മാസ്‌കുകൾ അനാവശ്യമായി ഉപയോഗിക്കുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. രോഗിയുമായി സമ്പർക്കം വരുന്ന സാഹചര്യത്തിലോ ജലദോഷം, ചുമ, തൊണ്ടവേദന എന്നിവയുള്ള സന്ദർഭങ്ങളിലോ മാത്രം മാസ്‌ക് ധരിച്ചാൽ മതിയെന്നും മാസ്‌കുകൾ, സാനിറ്റൈസർ എന്നിവയുടെ ദുരുപയോഗം തടയണമെന്നും യോഗത്തിൽ നിർദേശമുയർന്നു.

ബൈറ്റ്

കൊറോണ ബാധിതരെ ആശുപത്രികളിലെത്തിക്കാനും വിമാനത്താവളങ്ങളിൽ നിന്നും മറ്റും വൈറസ് ബാധയ്ക്ക് സാദ്ധ്യതയുള്ളവരെ വീടുകളിൽ ഐസൊലേഷനിലേക്ക് അയക്കാനും 108 ആംബുലൻസുകളും ആരോഗ്യ വകുപ്പിന്റെ കീഴിലുള്ള മറ്റ് ആംബുലൻസുകളും മതിയാകാതെ വരുന്ന സാഹചര്യമുണ്ടായാണ് സ്വകാര്യ ആംബുലൻസുകളുടെ സഹായം തേടുക- എ.ഡി.എം ഇപി മേഴ്സി

ബാർബർ ഷോപ്പുകൾക്കും ബ്യൂട്ടി പാർലറുകൾക്കും കർശന നിർദേശം

കൊവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി നടപ്പിലാക്കിയ ബ്രേക്ക് ദി ചെയിൻ ക്യാമ്പയിൻ ജില്ലയിലെ ബാർബർ ഷോപ്പുകൾ, ബ്യൂട്ടി പാർലറുകൾ എന്നിവിടങ്ങളിൽ കർശനമായി നടപ്പിലാക്കാൻ നിർദേശം. എഡിഎം ഇ പി മേഴ്സിയുടെ നേതൃത്വത്തിൽ ചേർന്ന ജില്ലയിലെ വ്യാപാരികളുടെയും ബാർബർ ഷോപ്പ്, ബ്യൂട്ടി പാർലർ ഉടമകളുടെയും യോഗത്തിലാണ് തീരുമാനം.

വ്യാപാര സ്ഥാപനങ്ങളിലും ബ്യൂട്ടി പാർലറുകളിലും തൊഴിലാളികളുടെ എണ്ണം കുറയ്ക്കണം. ഉപഭോക്താക്കളോട് അവരുടെ സ്ഥലമുൾപ്പെടെയുള്ള കാര്യങ്ങൾ ചോദിച്ച് മനസിലാക്കണം. ഇതര രാജ്യങ്ങളിൽ നിന്നോ സംസ്ഥാനങ്ങളിൽ നിന്നോ മടങ്ങിയെത്തിയവരെ സുരക്ഷ മുൻനിർത്തി തിരിച്ചയക്കണമെന്നും നിർദേശമുയർന്നു.
ബ്യൂട്ടി പാർലറുകൾ, ബാർബർ ഷോപ്പ് എന്നിവിടങ്ങളിലെ എ .സിയുടെ ഉപയോഗം കുറച്ച് പരമാവധി വായു സഞ്ചാരം ഉറപ്പുള്ള മുറികൾ ക്രമീകരിക്കണം. ജീവനക്കാർ ഇടയ്ക്കിടെ സാനിറ്റൈസർ ഉപയോഗിക്കുകയോ കൈകൾ സോപ്പോ ഹാൻഡ് വാഷോ ഉപയോഗിച്ച് കഴുകുകയും വേണം. ഉപഭോക്താവുമായി മുഖാമുഖം വരുന്ന സമയങ്ങളിൽ ബ്യൂട്ടീഷൻ മാസ്‌ക് ഉപയോഗിക്കണം. ജോലിക്കിടെ കൈ കൊണ്ട് കണ്ണ്, മൂക്ക്, വായ തുടങ്ങിയ ഭാഗങ്ങളിൽ സ്പർശിക്കരുത്. ഉപഭോക്താവിരുന്ന കസേര, ഉപയോഗിച്ച് മറ്റുവസ്തുക്കൾ എന്നിവ ബ്ലീച്ചിംഗ് ലായനി ഉപയോഗിച്ച് യഥാസമയം തന്നെ വൃത്തിയാക്കണമെന്നും യോഗത്തിൽ നിർദേശിച്ചു.
വ്യാപാരികൾ സ്ഥാപനങ്ങളുടെ മുൻപിൽ കൈകഴുകുന്നതിനാവശ്യമായ സംവിധാനം ഒരുക്കണം. കരിഞ്ചന്ത, പൂഴ്ത്തിവെപ്പ് എന്നിവ ശ്രദ്ധയിൽപ്പെട്ടാൽ കർശന നടപടികൾ സ്വീകരിക്കും.


ജില്ലാ പഞ്ചായത്ത് ബജറ്റ് തിങ്കളാഴ്ച
ജില്ലാ പഞ്ചായത്തിന്റെ ബജറ്റ് യോഗം തിങ്കളാഴ്ച രാവിലെ 10.30ന് ചേരുമെന്ന് പ്രസിഡന്റ് അറിയിച്ചു.