മലയോര മേഖലയിലെ കർഷകർ ഇന്ന് കടുത്ത പ്രതിസന്ധിയിലാണ്. വിലതകർച്ചയ്ക്കൊപ്പും പ്രളയവും കൊവിഡും എല്ലാം നിരനിരയായി വന്ന് പ്രതിസന്ധി സൃഷ്ടിക്കുമ്പോൾ കർഷകന് മുന്നിൽ ആത്മഹത്യയുടെ വഴിയാണ് മുന്നിൽ. മണ്ണിനോടും പ്രതികൂല കാലാവസ്ഥകളോടും പടവെട്ടി ജീവിതം പച്ച പിടിപ്പിച്ച കുടിയേറ്റ കർഷകരുടെ പിൻമുറക്കാർ അപ്പാടെ അടിപതറി നിൽക്കുന്നു. ഇനി എങ്ങോട്ട് നീങ്ങുമെന്നറിയാതെ അന്തിച്ചു നിൽക്കുകയാണ്. രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ കഴിയാത്ത കർഷകരുടെ ജീവിതദുരിതങ്ങൾ ഇവിടെ പങ്കുവെക്കുകയാണ്.....

കൊട്ടിയൂർ :അതിജീവനത്തിനായി റബ്ബറും കുരുമുളകും തെങ്ങും വാഴയും കശുമാവുമൊക്കെ മാറി മാറി കൃഷി ചെയ്തവരാണിവർ. ഒരു ഉല്പന്നത്തിനു ന്യായവില ലഭിക്കാത്തതും കാലാവസ്ഥാ വ്യതിയാനവും കീടബാധയും മൂലമുള്ള ഉല്പാദനക്കുറവുമെല്ലാം കൂടി നട്ടൊല്ലൊടിഞ്ഞുനിൽക്കുന്നവർ. കൊവിഡിന്റെ വരവും കൂടിയായപ്പോൾ എല്ലാം കൊണ്ടും പൂർണമായി. . 2011 ൽ റബ്ബറിന് ശരാശരി 240 രൂപ വരെ വിലയുണ്ടായിരുന്ന വലിയവിലയായിരുന്നു കർഷകർക്ക്. റബ്ബർ ഇതോടെ വ്യാപകമായി. ഉല്പാദനം വർദ്ധിച്ചതിനൊപ്പം മലേഷ്യ, ഇൻഡോനേഷ്യ തുടങ്ങിയ രാജ്യങ്ങളിൽ നിന്നും വൻതോതിൽ റബ്ബർ ഇറക്കുമതി ആരംഭിച്ചതോടെ തിരിച്ചടി തുടങ്ങി.

റബ്ബറിനെ മാത്രം ആശ്രയിച്ച് ജീവിച്ചിരുന്ന ബഹുഭൂരിപക്ഷത്തിനും ഇത് വലിയ തിരിച്ചടിയായി.ഗുണനിലവാരമുള്ള റബ്ബറിന് രണ്ട് മാസം മുമ്പ് 132 രൂപ വരെ വില ലഭിച്ചിരുന്നെങ്കിൽ ഇപ്പോൾ 120 രൂപ മാത്രമാണ് ലഭിക്കുന്നത്. ഗ്രേഡ് കുറഞ്ഞതിന് 110 രൂപയും. കൊവിഡ് ബാധ വ്യാപാരം നിശ്ചലമാക്കിയതും ഇരുട്ടടിയായി മാറി.

പ്രളയം തുലച്ചു;തൊഴിലാളികളുമില്ല

തുടർച്ചയായി വന്ന പ്രളയവും കനത്ത മഴയും കാലാവസ്ഥാ വ്യതിയാനവുമെല്ലാം റബ്ബർ കർഷകരുടെ സകല കണക്കുകൂട്ടലുകളും തെറ്റിച്ചു.മഴക്കാലം നീണ്ടതു മൂലം ടാപ്പിംഗ് ദിനങ്ങൾ കുറഞ്ഞു. പട്ടമരവിപ്പ്, ഇലകൊഴിച്ചിൽ, ഫംഗസ് തുടങ്ങിയ രോഗബാധകൂടിയായപ്പോൾ ഉല്പാദനം പകുതിയിലധികം കുറഞ്ഞു.അതേസമയം ഉല്പാദനച്ചെലവിൽ ഗണ്യമായ വർദ്ധനവും ഉണ്ടായി.റബ്ബർ വെട്ടി പാലെടുക്കുന്നതിന് ഒരു മരത്തിന് രണ്ട് രൂപ നിരക്കിൽ കൂലി കൊടുക്കണം. വില വളരെ കുറഞ്ഞ സാഹചര്യത്തിൽ കൂലി കൊടുത്ത് വെട്ടാനും കഴിയില്ല.റബ്ബർ ബോർഡിന്റെ കണക്കു പ്രകാരം ഒരു കിലോ റബ്ബർ വിപണിയിലെത്തുമ്പോൾ കർഷകന് 172 രൂപയാണ് ഉല്പാദനച്ചെലവ്.റബ്ബർ വില കുറഞ്ഞതോടെ ടാപ്പിംഗിനും തൊഴിലാളികളെ കിട്ടാതായി. മറ്റു ജോലികളൊന്നും കിട്ടിയില്ലെങ്കിൽ മാത്രമാണ് ഇവർ ടാപ്പിംഗിനെത്തുക.

( തുടരും)

പടം....

കേളകം വെള്ളൂന്നിയിലെ എം.എസ്. സുധീപിന്റെ റബ്ബർ തോട്ടത്തിൽ ടാപ്പിംഗ് നടത്താത്തതിനാൽ കാടുവളർന്ന നിലയിൽ