പെരിയ: രാജ്‌മോഹൻ ഉണ്ണിത്താൻ എംപിക്കെതിരായി ഡി.വൈ.എഫ്.ഐ ജില്ലാ സെക്രട്ടറി സി.ജെ. സജിത്ത് ഉന്നയിച്ച വിമർശനങ്ങൾ അർത്ഥശൂന്യമാണെന്ന് യൂത്ത് കോൺഗ്രസ് ഉദുമ നിയോജക മണ്ഡലം പ്രസിഡന്റ് എം.കെ. അനൂപ് ചൂണ്ടിക്കാട്ടി. ജാതിമതരാഷ്ട്രീയ സംഘടനകളുടെ പേരിൽ സന്നദ്ധ പ്രവർത്തനങ്ങൾ നടത്തുന്നവരെ അറസ്റ്റ് ചെയ്യുമെന്ന് മാർച്ച് 25 ന് ജില്ലാ കളക്ടർ പ്രഖ്യാപിച്ചതിനു ശേഷമാണ് 28 ന് ഡി.വൈ.എഫ്.ഐയുടെ പേരിൽ മെഡിക്കൽ കോളജ് കെട്ടിടം ശുചീകരിച്ചത്. മറ്റെല്ലാ സംഘടനകളുടെയും സന്നദ്ധ പ്രവർത്തനം വിലക്കിയ കളക്ടർക്ക് ആർജ്ജവമുണ്ടെങ്കിൽ കൊറോണക്കാലത്തെ സന്നദ്ധ പ്രവർത്തനത്തിനു പോലും രാഷ്ട്രീയനിറം നല്കിയ ഡി.വൈ.എഫ്.ഐ പ്രവർത്തകർക്കെതിരെ കേസെടുക്കണമെന്നാണ് എം.പി പറഞ്ഞത്. സർക്കാരിന്റെ കമ്മ്യൂണിറ്റി കിച്ചണിൽ നിന്ന് കൊണ്ടുപോകുന്ന ഭക്ഷണപ്പൊതികൾക്ക് രാഷ്ട്രീയനിറം നല്കിയതും സി.പി.എം നേതാക്കളാണ്. കോൺഗ്രസ് നേതാവ് എ.പി. ഉസ്മാൻ കാസർകോട് മുതൽ തിരുവനന്തപുരം വരെ ഓടിനടന്ന് രോഗം പരത്തിയെന്ന പ്രസ്താവന ഇപ്പോഴത്തെ പരിശോധനാഫലത്തിന്റെ അടിസ്ഥാനത്തിലെങ്കിലും പിൻവലിക്കാൻ ഡി.വൈ.എഫ്.ഐ നേതാവ് തയ്യാറാകണമെന്നും യൂത്ത് കോൺഗ്രസ് ആവശ്യപ്പെട്ടു.