കാസർകോട്: കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രിയുടെെ നിർദ്ദേശപ്രകാരം വിജിലൻസിൽ കൊറോണ സെൽ പ്രവർത്തനം തുടങ്ങി. കൊറോണയുടെെ ഭാഗമായുള്ള തിരക്കിനിടയിൽ കൊള്ളലാഭം എടുക്കുന്ന കച്ചവടക്കാരെ കുടുക്കാനാണ് വിജിലൻസിന്റെ കൊറോണ സെൽ ഇറങ്ങുന്നത്. വിജിലൻസ് ഡയറക്ടറുുടെ നിർദേശപ്രകാരം കാസർകോട് ജില്ലയിൽ കൊറോണ സെല്ലിലെ ഉദ്യോഗസ്ഥർ റെയ്ഡിന് ഇറങ്ങി. തുറന്നു പ്രവർത്തനം ആരംഭിക്കാൻ അനുവാദം നൽകിയ നിത്യോപയോഗ സാധനങ്ങൾ വിൽക്കുന്ന കടകളിലാണ് കാസർകോട് വിജിലൻസ് സംഘം പരിശോധന നടത്തിയത്. ഭക്ഷ്യസാധനങ്ങൾക്ക് വിലകൂട്ടി വിൽപ്പന നടത്തുന്നതായി പരാതി ലഭിച്ചതിനെ തുടർന്നാണ് കൊറോണ സെല്ലിന്റെ നേതൃത്വത്തിൽ റെയ്ഡ് നടത്തിയത്. മാവുങ്കാൽ, വെള്ളിക്കോത്ത്, മടിയൻ, ചാമുണ്ഡിക്കുന്ന്, ചിത്താരി തുടങ്ങിയ സ്ഥലങ്ങളിലെ കടകളിൽ ആയിരുന്നു റെയ്ഡ്. മുമ്പ് വിൽപ്പന നടത്തിയ വില കളിലും ഇപ്പോഴത്തെ വിൽപ്പന വിലയിലും നേരിയ അന്തരമുള്ളതായി വിജിലൻസ് കണ്ടെത്തി. കടകളിൽ വിലവിവരപ്പട്ടിക പ്രദർശിപ്പിക്കാത്ത കാര്യവും കണ്ടെത്തിയ വിജിലൻസ് സംഘം ജില്ലാ സപ്ലൈ ഓഫീസറുടെ ശ്രദ്ധയിൽപ്പെടുത്തി. റെയ്ഡ് സംബന്ധിച്ച റിപ്പോർട്ട് വിജിലൻസ് ഡയറക്ടർ കൈമാറി. ജില്ലയിൽ വ്യാപകമായി പരിശോധന തുടരുമെന്നും വിജിലൻസ് ഉദ്യോഗസ്ഥർ പറഞ്ഞു. ഇൻസ്പെക്ടർമാരായ സിബി തോമസ്, വി. ഉണ്ണികൃഷ്ണൻ, എസ്.ഐ മധുസൂദനൻ, സി.പി.ഒ സുഭാഷ് ചന്ദ്രൻ എന്നിവരാണ് വിജിലൻസ് സംഘത്തിലുണ്ടായിരുന്നത്.