കണ്ണൂർ: രാജ്യത്ത് ലോക്ക്ഡൗൺ പ്രഖ്യാപിച്ചതിന് പിന്നാലെ ബിവറേജസ് ഔട്ട്ലെറ്റുകൾ കൂടി പൂട്ടിയത് ചാരായ ലോബി അവസരമാക്കുന്നു. ലോക്ക്ഡൗൺ തുടങ്ങിയ ശേഷം കഴിഞ്ഞ ദിവസം വരെ കണ്ണൂരിൽ ആയിരം ലിറ്റർ വാഷ് പിടികൂടിയിരുന്നെങ്കിൽ ഇന്നലെ മാത്രം 250 ലിറ്റർ കൂടി ലഭിച്ചു. കൂത്തുപറമ്പ്-150 ലിറ്റർ, തളിപ്പറമ്പ് 70 ലിറ്റർ, ഇരിട്ടി 20 ലിറ്റർ എന്നിങ്ങനെയാണ് എക്സൈസ് കണ്ടെത്തിയത്.

അതേസമയം കശുഅണ്ടി സീസൺ തുടങ്ങിയതോടെ ഉത്പാദനം നടക്കുന്നതിന്റെ ചുരുങ്ങിയ അളവ് മാത്രമാണ് പിടികൂടുന്നത്. ശ്രീകണ്ഠാപുരം, ഇരിട്ടി, ആലക്കോട്, ചെറുപുഴ തുടങ്ങിയ നിരവധി മലയോര മേഖലകളിലെല്ലാം ചാരായവാറ്റ് സജീവമായിട്ടുണ്ട്. സർക്കാർ വക പുറമ്പോക്ക് ഭൂമിയിൽ മാത്രം ഇവ സൂക്ഷിച്ച് നിയമ നടപടിയിൽ നിന്നും ഇവർ രക്ഷപ്പെടുന്നുണ്ട്. ഫോൺ വിവരങ്ങൾ ലഭിച്ചും ഇവർ രക്ഷപ്പെടുന്നു. മദ്യം ലഭിക്കാതായതോടെ മദ്യാസക്തർക്ക് ഇപ്പോൾ ചാരായം മാത്രം ആശ്രയമായതും വാറ്റുകാർക്ക് പ്രോത്സാഹനമാകുന്നു. ചിലയിടത്ത് വിലകൂട്ടിയതായും മദ്യപാനികൾ പറയുന്നു. ശാരീരിക-മാനസിക പ്രശ്നങ്ങൾ നേരിടുന്നതോടെ ചാരായം തേടി പലരും മലയോരം തേടി പോകുന്നുണ്ട്. അതേസമയം ചാരായത്തിന്റെ വ്യാപനം കൂടുന്നത് വ്യാജമദ്യ ദുരന്തത്തിന് ഇടയാക്കിയേക്കുമെന്നും ആശങ്ക ഉയരുന്നുണ്ട്.