കാസർകോട്: ദേലംപാടി കല്ലടുക്ക കോളനിയിൽ റോഡ് തടസം നീക്കാൻ എത്തിയ എസ്.ഐ ഉൾപ്പടെയുള്ള പൊലീസ് സംഘത്തെ ആക്രമിച്ച കോളനി വാസികളായ മൂന്ന് പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തു. ദേലംപാടി കല്ലടുക്ക കോളനിയിലെ കെ. പ്രശാന്ത് (27), സന്തോഷ് കുമാർ എന്ന കുമാർ (26), ചെനിയപ്പ (59) എന്നിവരെയാണ് ആദൂർ സി.ഐ കെ. പ്രേംസദനും സംഘവും അറസ്റ്റ് ചെയ്തത്. പരപ്പ വില്ലേജ് ഓഫീസ് പരിസരത്ത് വച്ച് ബലപ്രയോഗത്തിലൂടെ അറസ്റ്റ് ചെയ്ത പ്രതികളെ ഹോസ്ദുർഗ് ജുഡീഷ്യൽ ഫസ്റ്റ്ക്ലാസ് കോടതി ഹാജരാക്കി 14 ദിവസത്തേക്ക് കണ്ണൂർ സബ്ജയിലിൽ റിമാൻഡ് ചെയ്തു. സംഭവത്തിൽ ഇതേ കോളനിയിലെ ദേവപ്പയെ നേരത്തെ അറസ്റ്റ് അറസ്റ്റ് ചെയ്തിരുന്നു.
പത്തംഗ സംഘത്തിനെതിരെ വധശ്രമത്തിനും പൊലീസിന്റെ ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തിയതിനും അന്യായമായി സംഘം ചേർന്നതിനുമാണ് ആദൂർ പൊലീസ് കേസെടുത്തിരുന്നത്. മാർച്ച് 26 ന് ഉച്ചയ്ക്ക് 12:40 ഓടെ ആണ് കേസിന് ആസ്പദമായ സംഭവം. കല്ലെടുക്ക കോളനിക്ക് സമീപം ദെർക്കാജെ - കനക്കമജൽ റോഡ് കോളനിക്കാർ ബ്ലോക്ക് ചെയ്തതായി പഞ്ചായത്ത് അംഗം ഐത്തപ്പ നൽകിയ പരാതിയെ തുടർന്ന് തടസ്സം നീക്കാൻ എത്തിയ ആദൂർ എസ്.ഐ. മുകുന്ദൻ, സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ സുഭാഷ്, സിവിൽ പൊലീസ് ഓഫീസർ ഗോകുൽ എന്നിവരെ മാരകായുധങ്ങളുമായി പ്രതികളുടെ നേതൃത്വത്തിലുള്ള സംഘം തള്ളിയിടുകയും വളഞ്ഞിട്ട് ആക്രമിക്കുകയും ചെയ്യുകയായിരുന്നു. അക്രമത്തിൽ ഗോകുലിന്റെ കൈയ്ക്കും തലയ്ക്കും മുറിവേറ്റിരുന്നു. പൊലീസുകാരുടെ പരാതിയിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തിയാണ് ഇൻസ്‌പെക്ടർ പ്രേംസദൻ കോളനിക്കാരെ അറസ്റ്റ് ചെയ്തത്. കൊറോണ വ്യാപനം തടയുന്നതിനായി കല്ലടുക്കയിലെ റോഡ് അധികൃതർ മണ്ണിട്ടടച്ചിരുന്നു. ഇതിന് സമീപത്തെ കോളനിയിലേക്കുള്ള റോഡും കോളനിക്കാർ ബ്ലോക്ക് ചെയ്യുകയായിരുന്നു.