lock-down

കണ്ണൂർ: കൊറോണയിൽ രാജ്യത്ത് ലോക്ക് ഡൗൺ തുടരുന്നതിനിടെ അവശ്യസാധനങ്ങളുടെ വില ഉയരുന്നു. ഇതര സംസ്ഥാനങ്ങളിൽ നിന്നും ലോറികൾ എത്താതായതോടെയാണ് വിലക്കയറ്റം. പഞ്ചസാര കിലോയ്ക്ക് മൂന്നു മുതൽ അഞ്ചു രൂപാ വരെ വില വർദ്ധിച്ചു. 38 മുതൽ 40 രൂപ വരെ ഈടാക്കിയാണ് പഞ്ചസാര വിൽപ്പന. മുളക്, മല്ലി, പാമോയിൽ, ഉഴുന്നുപരിപ്പ് എന്നിവയ്ക്ക് കടുത്ത ക്ഷാമമുണ്ട്. കണ്ണൂർ ടൗൺ, പുതിയതെരു ചാലാട് കമ്പോളങ്ങളിൽ പഴവർഗങ്ങൾ പലതും കിട്ടാനില്ല.


രണ്ടാഴ്ച മുമ്പ് കിലോയ്ക്ക് 20 രൂപ നിരക്കിൽ ഏത്തപ്പഴം വിറ്റുപോയിരുന്നെങ്കിൽ ഇപ്പോൾ കിട്ടാനില്ല. ഓറഞ്ച്, മുന്തിരി, ആപ്പിൾ എന്നിവയെല്ലാം തീർന്നു. മീൻ വിലയും വർദ്ധിച്ചു. അയലയ്ക്ക് 500, അയക്കൂറയ്ക്ക് 800 രൂപയാണ് കിലോയ്ക്ക് വില. മത്തിയാണെങ്കിൽ കാണാനേ ഇല്ല. മത്സ്യത്തിന് കടുത്ത ക്ഷാമം നേരിട്ടപ്പോൾ പോലും അയല 350 രൂപയ്ക്ക് ലഭിച്ചിരുന്നു. ചെമ്മീന് കിലോയ്ക്ക് 600 രൂപയാണ് വില. ഉണക്ക മത്സ്യം പലയിടങ്ങളിലും സ്റ്റോക്കില്ല. ഉണക്കച്ചെമ്മീന് ആയിരം രൂപയാണ് വില. ഉണക്ക തിരണ്ടിക്ക് 800 രൂപാ മുതലാണ് വില. 240 രൂപയ്ക്ക് വിറ്റിരുന്ന ബീഫിന് കിലോയ്ക്ക് 300 രൂപയായി. ആട്ടിറച്ചിയ്ക്ക് 600 രൂപ വരെയാണ് വില.

പഴവർഗങ്ങൾക്കും വിലയേറി. തണ്ണിമത്തൻ ഹോൾസെയിൽ കിലോയ്ക്ക് 14 -18 രൂപയായി. പൈനാപ്പിൾ 30 രൂപ വില. ഇറാൻ ആപ്പിളിന് കിലോയ്ക്ക് 120. നാരങ്ങ കിലോയ്ക്ക് 100 രൂപയാണ് വില. ഹുൻസൂരിൽ നിന്നെത്തിയ പൂവമ്പഴത്തിന് കിലോയ്ക്ക് ഹോൾസെയിൽ വില 30. മേട്ടുപ്പാളയത്തുനിന്ന് എത്തിയ ഏത്തപ്പഴത്തിന് കിലോയ്ക്ക് 20, 24 രൂപാവരെ ഈടാക്കുന്നുണ്ട്. ലഗോൺ മുട്ടയ്ക്ക് 4. 40 ആണ് വില. താറാവു മുട്ടയ്ക്കും വില കൂടി 7. 20 ആയിട്ടുണ്ട്.