കാസർകോട്: പെരിയ ചെക്കിപ്പള്ളം ആളൊഴിഞ്ഞ പറമ്പിലെ പൊട്ടക്കിണറ്റിൽ ചത്ത കോഴികളെ തള്ളിയ നിലയിൽ കണ്ടെത്തി. അസുഖം വന്ന് ചത്തതും ജീവനുള്ളതുമായ നൂറുകണക്കിന് കോഴിക്കുഞ്ഞുങ്ങളെ തള്ളിയ നിലയിലാണ് കണ്ടെത്തിയത്. അസഹനീയമായ ദുർഗന്ധം മൂലം സമീപവാസികൾക്ക് ഛർദിയും തലകറക്കവും ഉണ്ടായതിനെ തുടർന്ന് നാട്ടുകാർ നടത്തിയ തെരച്ചിലിലാണ് ആളൊഴിഞ്ഞ പറമ്പിലെ ഉപയോഗശന്യമായ കിണറിൽ കോഴികളെയും കോഴി മാലിന്യങ്ങളും കണ്ടെത്തിയത്. തുടർന്ന് നാട്ടുകാർ വിവരം അറിയിച്ച പ്രകാരം എത്തിയ ആരോഗ്യവകുപ്പ് അധികൃതർ സ്ഥലത്ത് അന്വേഷണം നടത്തി. രോഗം ബാധിച്ച അയൽവാസികൾക്ക് മരുന്നു നൽകി.

പക്ഷിപ്പനി പിടിപെടാൻ സാധ്യതയുണ്ടെന്ന് നേരത്തെ കാസർകോട് ജില്ലയിൽ മുന്നറിയിപ്പ് നൽകിയ സാഹചര്യത്തിൽ ചത്തതും ജീവൻ ഉള്ളതുമായ കോഴികളെയും മാലിന്യങ്ങളും കേരളത്തിൽ കണ്ടെത്തിയത് നാട്ടുകാരെ ഭീതിയിലാഴ്ത്തി. ലോക്ക്ഡൗൺ നിലനിൽക്കുന്നതിനാലാണ് പരാതി നൽകാനും പ്രതിഷേധിക്കാനും കഴിയാത്തതെന്നും ഇക്കാര്യത്തിൽ കർശന നടപടിയെടുക്കണമെന്നും നാട്ടുകാർ ആവശ്യപ്പെടുന്നു.