കണ്ണൂർ: കൊറോണയുടെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് ബീവറേജ് ഔട്ട്ലറ്റുകൾ അടച്ചതോടെ ഡോക്ടർമാരുടെ കുറിപ്പടിയിൽ മദ്യം നൽകാനുള്ള സർക്കാർ തീരുമാനം പ്രതിഷേധത്തിന് ഇടയാക്കുന്നു. സംസ്ഥാനത്ത് കെ.ജി.എം.ഒഎയുടെ നേതൃത്വത്തിൽ ഡോക്ടർമാർ കറുത്ത ബാഡ്ജ് അണിഞ്ഞ് നടത്തുന്ന കരിദിന പ്രതിഷേധം മലബാറിലും സജീവമായി തുടരുകയാണ്.
സർക്കാർ തന്നെ ജനങ്ങളോട് സാമൂഹ്യ അകലത്തെ കുറിച്ച് പറയുകയും സർക്കാർ തന്നെ അതിനുള്ള അവസരം ഒരുക്കുകയുമാണെന്ന് കെ.ജി.എം.ഒ.എ ജില്ലാ നേതൃത്വം ആരോപിക്കുന്നു. സർക്കാർ തീരുമാനത്തോടെ മദ്യപാനികൾ കൂട്ടത്തോടെ ആശുപത്രിയുടെ വരാന്തയിൽ നിരങ്ങാൻ ഇടയാക്കും. ഇവിടെ നിന്നും ഡോക്ടർമാരെ ശല്യം ചെയ്ത് സർട്ടിഫിക്കറ്റ് വാങ്ങി എക്സൈസ് ഓഫീസിലേക്ക് ഓടും. ഇവിടെ നിന്ന് ബിവറേജിലേക്ക് ഓടും. കൊറോണ കാലത്താണോ ഇതൊക്കെ ചെയ്യേണ്ടതെന്നാണ് ചോദ്യം.
ചെറിയ അസുഖമുള്ളവർ പോലും ആശുപത്രിയിലേക്ക് വരരുതെന്ന് പറയുമ്പോൾ ഇതോടൊപ്പം ഒ.പി സമയവും കൂട്ടി ആറുമണിവരെയാക്കി. കാസർകോട് ജനറൽ ആശുപത്രി സൂപ്രണ്ടിനെ കോഴിക്കോടേക്കും കോഴിക്കോട്ടെ ഡെപ്യൂട്ടി സൂപ്രണ്ടിനെ കാസർകോട്ടേക്കും മാറ്റി. ഇതിലും പ്രതിഷേധമുണ്ട്. ഫീൽഡ് വിസിറ്റ് ചെയ്യേണ്ട ഡോക്ടർമാരെയാണ് ഈവിധം ഉപദ്രവിക്കുന്നതെന്നും ആത്മവിശ്വാസം തകർക്കുന്നതായും നേതാക്കൾ പറയുന്നു.