കാസർകോട്: നിസാമുദ്ദീനിലെ തബ് ലീഗ് പ്രാർത്ഥനാ ചടങ്ങിൽ പങ്കെടുത്തവരിൽ കാസർകോട് സ്വദേശികളായ 5 പേരും. ഇന്നാണ് ആരോഗ്യ വകുപ്പിന് ഇവരെ കുറിച്ച് വിവരം ലഭിച്ചത്. ഇവരുടെ പേര് വിവരങ്ങളും മൊബൈൽ ഫോൺ നമ്പറുകളും ആരോഗ്യ വകുപ്പ് ജീവനക്കാർ ശേഖരിച്ച് കഴിഞ്ഞു. ഇവരെ കൂടാതെ കൂടുതൽ പേർ ചടങ്ങിൽ പങ്കെടുത്തിട്ടുണ്ടാകാം എന്ന നിഗമനത്തിലാണ് ആരോഗ്യ വകുപ്പും പൊലീസും. പങ്കെടുത്തു എന്ന് സ്ഥിരീകരിച്ചവരെ നേരിൽ കണ്ട് വിവരങ്ങൾ ശേഖരിക്കാനുള്ള നടപടികൾ തുടങ്ങി കഴിഞ്ഞു.
മറ്റാരെങ്കിലും നിസാമുദ്ദീനിൽ പോയിട്ടുണ്ടെങ്കിൽ ഇവരിൽനിന്ന് വിവരം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ആരോഗ്യവകുപ്പ് ജീവനക്കാർ. വിവിധ സംസ്ഥാനങ്ങളിൽ നിന്നായി രണ്ടായിരത്തോളം പേർ പങ്കെടുത്ത പരിപാടിയിൽ കേരളത്തിൽനിന്ന് വിവിധ ദിവസങ്ങളിലായി 300 പേർ ഉണ്ടായിരുന്നുഎന്നാണ് പറയുന്നത്. ലോക്ക് ഡൗണിന് മുമ്പാണ് ചടങ്ങുകൾ നടന്നതെങ്കിലും ശേഷം വിശ്വാസികൾ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്കാണ് പോയത്. ഇത് കൊറോണയുടെ വ്യാപനത്തിന് കാരണമാകുമെന്ന ആശങ്ക നിലനിൽക്കെയാണ് കാസർകോട് സ്വദേശികളും ചടങ്ങിൽ പങ്കെടുത്തു എന്ന വിവരം പുറത്തുവന്നത്. തബ് ലീഗ് ജമാ അത്ത് എന്ന ചടങ്ങിൽ തായ്ലൻഡ്, ഫിലിപ്പീൻസ്, മലേഷ്യ എന്നീ രാജ്യങ്ങളിൽ നിന്നുള്ള വിശ്വാസികൾ പങ്കെടുത്തിരുന്നു. ഇവർ ഇന്ത്യയിലേക്ക് വിമാനം കയറും മുന്നേ ഈ രാജ്യങ്ങളിൽ കൊറോണാ വൈറസ് ബാധ റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു. എന്നാൽ ഈ സമയം ഇന്ത്യയിൽ വൈറസ് ബാധ കാര്യമായി റിപ്പോർട്ട് ചെയ്തിരുന്നില്ല.
ചടങ്ങിൽ പങ്കെടുത്ത് മടങ്ങിപ്പോയ ആറ് തെലങ്കാന സ്വദേശികൾ മരിച്ചതോടെയാണ് ചടങ്ങ് കൊറോണ വൈറസ് വ്യാപനവുമായി കൂട്ടിവായിക്കാൻ തുടങ്ങിയത്. വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള 400ഓളം പേർ ഈ സമയം മർകസിലുണ്ടായിരുന്നു. ഇതിൽ കേരളത്തിൽ നിന്നുള്ളവരുമുണ്ട്. കോയമ്പത്തൂർ, സേലം സ്വദേശികൾ മടങ്ങിയത് ഡൽഹിയിൽ നിന്ന് തമിഴ്നാട്ടിലേക്കാണെന്നത് ആശങ്ക വർദ്ധിക്കാനും ഇടയായി. കോയമ്പത്തൂരിലെ റെയിൽവേയിലുള്ള മലയാളി ഡോക്ടർ ഈ പ്രാർത്ഥനായോഗത്തിൽ പങ്കെടുത്തയാളെയാണ് ചികിത്സിച്ചതെന്ന് വ്യക്തമായിട്ടുണ്ട്. ചടങ്ങിൽ പങ്കെടുത്ത 600 ഓളം പേരെ ഇനിയും തിരിച്ചറിയാനുണ്ട്.