കണ്ണൂർ: കൊറോണ വൈറസ് ബാധയെ തുടർന്ന് ഒരു മലയാളികൂടി മരിച്ചു. മുംബയ് സാക്കിനാകയിൽ താമസിക്കുന്ന തലശ്ശേരി സ്വദേശി അശോകൻ (60) ആണ് മരിച്ചത്. മൃതദേഹം ഘാട്കൂപ്പറിലെ രാജ്യവാസി ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ചൊവ്വാഴ്ചയാണ് ഇയാൾ പനി ബാധിച്ച് വീട്ടിൽ വച്ച് മരിച്ചത്. ഒരാഴ്ച മുമ്പേ പനിബാധിച്ച ഇദ്ദേഹം ക്ലിനിക്കിൽ ചികിത്സ തേടിയിരുന്നു. എന്നാൽ പിന്നീട് വീട്ടിൽ നിരീക്ഷണത്തിൽ കഴിയുമ്പോൾ പനി മൂർച്ഛിച്ചു. മരണ ശേഷം ആശുപത്രിയിൽ നടത്തിയ പരിശോധനയിലാണ് കൊറോണയാണെന്ന് സ്ഥിരീകരിച്ചത്. ഇദ്ദേഹത്തിന്റെ ഭാര്യയെയും മക്കളെയും നിരീക്ഷണത്തിലേക്ക് മാറ്റിയിട്ടുണ്ട്.