കണ്ണൂർ: മുഖ്യമന്ത്രി ഇന്നലെയും പറഞ്ഞു. ''കടന്നപ്പള്ളീ, കുറച്ചു കാലത്തേക്ക് ആരുടെയും കൈ പിടിക്കേണ്ട''എന്ന്. രാമചന്ദ്രൻ കടന്നപ്പള്ളിക്ക് അതെങ്ങെനെ പറ്റും. നാട്ടുകാരെല്ലാം കൂടെപ്പിറപ്പുകളാണ്. കണ്ടമാത്രയിൽ ഹസ്തദാനം ചെയ്തും കെട്ടിപ്പിടിച്ചും ശീലമായിപ്പോയി. കഴിഞ്ഞ ആറു പതിറ്റാണ്ടുകാലത്തിലേറെ നീണ്ട പൊതുപ്രവർത്തനത്തിലെ പ്രധാന മൂലധനവും അതുതന്നെ. "ഞാനിപ്പോൾ ശരിക്കും ശ്വാസം മുട്ടിയാണ് തിരുവനന്തപുരത്ത് കഴിയുന്നത്. ഒന്നു ഷേക്ക് ഹാൻഡ് ചെയ്തിട്ട് രണ്ടാഴ്ചയായി. ഭ്രാന്ത് പിടിപ്പിക്കുന്ന അവസ്ഥ '' കടന്നപ്പള്ളി കേരളകൗമുദിയോട് പറഞ്ഞു.
മറ്റു പൊതുപ്രവർത്തകരിൽ നിന്നു വ്യത്യസ്തനാകുന്നതും ഇതുകൊണ്ടുതന്നെ. പ്രിയപ്പെട്ടവരെ സംബോധന ചെയ്യുന്നതും ഇങ്ങനെയാണ്. അതിൽ രാഷ്ട്രീയമില്ല. ഇടതുപക്ഷക്കാരനായാലും അല്ലെങ്കിലും വാത്സല്യത്തോടെ ഹസ്തദാനം ചെയ്യും, കെട്ടിപ്പിടിക്കും, ചേർത്തുനിറുത്തും. എല്ലാം കഴിഞ്ഞ് ഒരു സെൽഫി കൂടി എടുത്തേ വിടൂ. 60 വർഷമായി തുടരുന്ന ശീലം കൊറോണക്കാലത്ത് താത്കാലികമായെങ്കിലും ഉപേക്ഷിക്കേണ്ടി വന്നതിൽ ദുഃഖിതനാണ് മന്ത്രി.
ഇപ്പോൾ തിരുവനന്തപുരത്ത് ഔദ്യോഗിക വസതിയിൽ ഭാര്യയും മകനും ഏതാനും ജീവനക്കാരും മാത്രം. കണ്ണൂരിലാകുമ്പോൾ തിരക്കേറിയ കോഫി ഹൗസിലെ ഊണും മാധവ ഹോട്ടലിലെ ചായയും. ഇപ്പോൾ തനിച്ചിരുന്ന് ചായ കുടിച്ചും ഊണു കഴിച്ചും ഇരിക്കുമ്പോൾ വിരസതയുടെ ആഴമറിയുകയാണ്. വായനയാണ് പലപ്പോഴും കൂട്ട്. ചിലപ്പോൾ തനിച്ചിരുന്ന് പാട്ടു പാടും. ''ഓർമ്മ വച്ച നാൾ മുതൽ തുടരുന്ന ശൈലിയാണിത്.'' തലോടലും ചേർത്തുനിറുത്തലും മാറ്റണമെന്ന് പലരും നേരത്തെതന്നെ ഉപദേശിച്ചെങ്കിലും അത് ചിരിച്ചുതള്ളുകയായിരുന്നു കടന്നപ്പള്ളി.
കടന്നപ്പള്ളി സ്റ്റൈൽ
പൊതുപ്രവർത്തനം തുടങ്ങുന്ന 60 കളിൽ ആൾക്കൂട്ടം ആവേശമായിരുന്നെങ്കിലും 71 ൽ കെ.എസ്.യു സംസ്ഥാന പ്രസിഡന്റായതു മുതലാണ് കടന്നപ്പള്ളി 'സ്റ്റൈൽ' തുടങ്ങുന്നത്. സഹപ്രവർത്തകരെ വാത്സല്യത്തോടെ കെട്ടിപ്പിടിച്ച് അരികെ ചേർത്തുവയ്ക്കും. എം.എൽ.എയായും എം.പിയായും മന്ത്രിയായും പൊതു പ്രവർത്തനം തുടരുമ്പോഴും ശീലം കൈവിട്ടില്ല. ഏത് ചടങ്ങിനെത്തുമ്പോഴും നേരെ സ്റ്റേജിലേക്കല്ല, സദസിലേക്കാണ് വരവ്. ഓരോരുത്തരെയും കണ്ട് കെട്ടിപ്പിടിച്ച് കുശലം പറഞ്ഞ് വേദിയിലെത്തുമ്പോൾ ചിലപ്പോൾ മണിക്കൂറുകൾ പിന്നിടും. ഒരിക്കൽ ഈ ആവേശത്തിനിടെ അദ്ധ്യക്ഷൻ, ഉദ്ഘാടകനായ കടന്നപ്പള്ളിയുടെ പേരു വിളിച്ചിട്ടുപോലും അറിഞ്ഞില്ല.