കണ്ണൂർ: കൊവിഡ് -19 ഭീതിയിൽ അന്യസംസ്ഥാന തൊഴിലാളികളിൽ ഭൂരിപക്ഷവും നാട് പിടിച്ചതോടെ കശുഅണ്ടി മേഖല കടുത്ത പ്രതിസന്ധിയിൽ. കശുമാവിൻ തോട്ടങ്ങളിലെ അടിക്കാട് തെളിക്കാൻ യന്ത്രങ്ങളുമായി എത്തിയിരുന്ന ഇവരുടെ അഭാവത്തിൽ കർഷകർക്ക് ഉള്ള കശുഅണ്ടിയും ശേഖരിക്കാൻ കഴിയുന്നില്ല.
മലഞ്ചരക്ക് കടകൾ തുറക്കാത്തതുമൂലം നേരിടുന്ന നഷ്ടത്തിന് പുറമെയാണ് ഉള്ള കശുഅണ്ടി ശേഖരിക്കാൻ കഴിയാത്ത സാഹചര്യം.വിളവെടുപ്പിന്റെ ഏറ്റവും പ്രധാനസമയത്താണ് കർഷകന് ഇരുട്ടടി. മഴ പെയ്തുകഴിഞ്ഞാൽ ഇടനിലക്കാർ കുത്തനെ വിലയിടിക്കുമെന്നതാണ് കർഷകരുടെ ആധിക്ക് പിന്നിൽ. തുടക്കത്തിൽ നൂറ് രൂപയെങ്കിലും കിട്ടിയിരുന്നിടത്ത് ഇപ്പോൾ 70 രൂപ നിരക്കിലാണ് ചിലർ സംഭരിക്കുന്നത്. പോയ വർഷം 150 രൂപ വരെ ലഭിച്ചിരുന്നു.
കഴിഞ്ഞ വർഷത്തോടെ മാന്യമായ വില ലഭിച്ചുതുടങ്ങിയതിനാൽ റബർ കൃഷി ഉപേക്ഷിച്ച് വരെ പലരും കശുഅണ്ടിയിലേക്ക് മടങ്ങിയിരുന്നു. ഒരു കാലത്ത് കണ്ണൂർ, കാസർകോട് അടക്കമുള്ള മലബാർ ജില്ലകളിൽ കശുഅണ്ടിയായിരുന്നു പ്രധാന കൃഷി. സംസ്‌കരിച്ചെത്തുന്ന പരിപ്പിന് വൻ വിലയുള്ളപ്പോഴും ഇതിന്റെ ആനുപാതികമായ തുകയുടെ അടുത്തുപോലും കർഷകന് ലഭിക്കാത്ത സാഹചര്യത്തിലാണ് പലരും കൃഷി ഉപേക്ഷിച്ചത്. കഷ്ടിച്ച് മൂന്നര മാസം മാത്രമാണ് കശുമാവ് വിളവ് നൽകുന്നത്.
പിടിച്ചുനിൽക്കാനാകാതെ പി.സി.കെയും
കാസർകോട് ജില്ലയിൽ ഏറ്റവുമധികം കശുമാവ് കൃഷിയുള്ള പ്ലാന്റേഷൻ കോർപ്പറേഷനും വിലത്തകർച്ചയുടെ ഇരയാണ്. കയ്യൂർ-ചീമേനി പഞ്ചായത്തിൽ 500 ഹെക്ടറിലധികം കോർപ്പറേഷന്റെ ഉടമസ്ഥതയിലുള്ള കശുമാവിൻ തോട്ടമാണ്. വിലത്തകർച്ചയെതുടർന്ന് അടുത്ത കാലത്ത് കോർപ്പറേഷൻ പകുതിയിലേറെ ഭൂമിയിലും കശുമാവ് വെട്ടി റബർ കൃഷി തുടങ്ങിയിരുന്നു. ബാക്കിയുള്ള തോട്ടം കാട് കയറി, വിളവ് ശേഖരിക്കാൻ കഴിയാത്ത അവസ്ഥയാണ്.