കണ്ണൂർ: കൊവിഡ് പേടിയിൽ ആളുകളെല്ലാം പുരയ്ക്കകത്ത് ഒതുങ്ങിയതോടെ അന്നവും മരുന്നും ലഭിക്കാത്തവർക്ക് സഹായവുമായി അഗ്നിശമന സേന. മരുന്നും ഭക്ഷണവും വേണ്ടവർക്ക് വീട്ടിലെത്തിക്കുമെന്നാണ് ഇവരുടെ ഉറപ്പ്. 108 ആംബുലൻസുകളെല്ലാം നിലം തൊടാതെ ഓടുന്ന തിരക്കിലായതിനാൽ ഫയർ ഫോഴ്സിനെ വിളിച്ചാൽ അവരുടെ ആംബുലൻസിൽ ആശുപത്രിയിലും പോകാം.

ഇന്നലെ കാസർകോട് സ്വദേശിയ്ക്ക് ആവശ്യമുള്ള ഒൻപതിനായിരം രൂപയുടെ മരുന്ന് ഒരാൾ കണ്ണൂർ ഫയർ സ്റ്റേഷനിലെത്തിച്ച് സഹായിക്കണമെന്ന് അഭ്യർത്ഥിച്ചിരുന്നു. ഇത് പയ്യന്നൂരിൽ നിന്നും വരുന്ന സേനയുടെ വണ്ടിയിൽ ഏൽപ്പിക്കും. ഇവർ കണ്ണികളായി ലക്ഷ്യ സ്ഥാനത്തെത്തിക്കും. അത്യാവശ്യ വരുന്നിന് ഇതൊന്നും നോക്കാതെ വേഗത്തിൽ പറക്കും. കഴിഞ്ഞ ദിവസം ഭക്ഷണം ലഭിച്ചില്ലെന്ന് പറഞ്ഞ് ഇതര സംസ്ഥാന തൊഴിലാളികൾ വിളിച്ചിരുന്നു. കമ്മ്യൂണിറ്റി കിച്ചണുമായി ബന്ധപ്പെട്ട് സേനാംഗങ്ങൾ ഇവരെ ഊട്ടാനെത്തി. കണ്ണൂരിലെ പത്ത് സ്റ്റേഷനുകളിലും ഈ സേവനമുണ്ട്. സ്റ്റേഷൻ നമ്പറിന് പുറമേ 101 ലും വിളിക്കാൻ സാധിക്കും.