കാഞ്ഞങ്ങാട് : പറവകൾക്ക് ഇത് ദാഹജലമല്ല , ഇത് പ്രാണജലമാണ്. എരിപൊരി വെയിലിൽ മടിക്കൈ പെരളത്തെ കുട്ടികളാണ‌് പറവകൾക്ക‌് ദാഹജലമൈാരുക്കി കൊവിഡ് കാലത്തും സഹജീവികൾക്ക‌് കരുതലേകുന്നത‌്.
വേനൽ കനത്തതോടെ നീരുറവകളും കുളങ്ങളും ജലസ്രോതസുകളുമെല്ലാം വറ്റുവരണ്ട‌് തുടങ്ങിയിരിക്കുന്നു. കൊവിഡ‌് പ്രതിരോധത്തിന്റെ ഭാഗമായി എല്ലാവരും ജാഗ്രതയിലാണ‌്. അപ്പോഴും തങ്ങളുടെ കളിസ്ഥലത്ത‌് എത്താറുണ്ടായിരുന്ന പറവകളെ കുട്ടികൾ മറന്നില്ല. .കഴിഞ്ഞ വർഷം വരെ വേനലിൽ പറവകൾക്ക‌് കുട്ടിക്കൂട്ടം കാട്ടുപൊന്തകളിൽ വെള്ളം നിറച്ചു വെക്കുമായിരുന്നു. പക്ഷികൾ കൂട്ടത്തോടെ പറന്നുവന്ന‌് ആ വെള്ളം കുടിക്കുന്നത‌് അവർ മരത്തണലുകളിൽ ഒളിഞ്ഞിരിന്നു നോക്കാറുമുണ്ട്.
ജാഗ്രതയിലാണെങ്കിലും ഇത്തവണയും കുട്ടിക്കൂട്ടം പതിവ‌് തെറ്റിച്ചില്ല. എല്ലാ കാലവും ചെയ്യാറുള്ളത‌് പോലെ ഇത്തവണയും അവർ കുറ്റിക്കാടുകളിൽ പറവകൾക്കായി ദാഹജലമൊരുക്കി. മടിക്കൈ പെരളത്തെ അഭിനവ്,ദേവനന്ദ,ദേവാനന്ദ്,ഫിദൽ എന്നിവരുടെ നേതൃത്വത്തിലാണ് ഇവരുടെ സമീപ പ്രദേശങ്ങളിലെ കുറ്റിക്കാടുകളിൽ ജലപാത്രം ഒരുക്കിയത‌്. പറവകൾ കൂട്ടത്തോടെ ഇവിടെയെത്തി ദാഹമകറ്റുന്നത‌് കണ്ടതിന‌് ശേഷം ഇവർ വീടുകളിലേക്ക‌് മടങ്ങി. ഊഴമിട്ട് ഓരോ ആളും വെള്ളം നിറച്ച‌് നൽകാനാണ് ഇവരുടെ തീരുമാനം.
പടം മെയിലിൽ