കാഞ്ഞങ്ങാട്: പൊലിസ് സേനയ്‌ക്ക് സംഭാരം ഏർപ്പെടുത്തി മിൽമ. കൊവിഡ് -19 നിർമ്മാർജന പ്രവർത്തനങ്ങളുമായി ചുട്ടുപൊള്ളുന്ന വെയിലത്തും ജോലി ചെയ്യുന്ന ജില്ലയിലെ പൊലീസ് സേനാംഗങ്ങൾക്ക് സംഭാരവുമായി മിൽമ കാസർകോട് ഡെയറി. പൊലീസുകാർക്ക് സംഭാരം സൗജന്യമായി വിതരണം ചെയ്യുന്ന പദ്ധതിയുടെ ഉദ്ഘാടനം മിൽമ മാവുങ്കാൽ ഓഫീസിൽ നടന്ന ചടങ്ങിൽ മലബാർ മിൽമ ഡയറക്ടർമാരായ കെ.സുധാകരൻ,പി.പി.നാരായണൻ തുടങ്ങിയവർ കാഞ്ഞങ്ങാട് ഡിവൈ.എസ്.പി.പി.കെ.സുധാകരന് സംഭാരം നൽകി നിർവഹിച്ചു.
കാസർകോട് ഡെയറി മാനേജർ കെ.എസ്.ഗോപി, എസ്.ബി.ഐ.കാഞ്ഞങ്ങാട് ബ്രാഞ്ച് മാനേജർ ജി.ജിനരാജ് എന്നിവർ പങ്കെടുത്തു. എസ്.ബി.ഐ, കേരള ഗ്രാമീൺ ബാങ്ക്, കാസർകോട് ഡെയറി എംപ്ളോയീസ് വെൽഫേയർ സ്‌കീം എന്നിവരുടെ സഹകരണത്തോടുകൂടിയാണ് പദ്ധതി നടപ്പിലാക്കുന്നത്.
മുപ്പതു വർഷത്തെ സേവനത്തിനു ശേഷം വിരമിച്ച അദ്ധ്യാപകനും കുണ്ടംകുഴി ലയൺസ് ക്ലബ് അംഗവുമായ രാജേന്ദ്രൻ 1600 പായ്‌ക്കറ്റ് സംഭാരം പദ്ധതിയിലേക്ക് നൽകി. ഏപ്രിൽ 10 വരെ മുടങ്ങാതെ വിതരണം നടത്തുന്നതിനുള്ള ക്രമീകരണം ഏർപ്പെടുത്തിയിട്ടുണ്ട്. ഈ പദ്ധതിയുമായി സഹകരിക്കാൻ കൂടുതൽ സ്പോൺസർമാരുടെ സഹായം പ്രതീക്ഷിക്കുന്നതായി മിൽമ ഡെയറി അറിയിച്ചു. ഫോൺ: 9447080959.
ജില്ലയിലെ പൊലീസ് സേനാംഗങ്ങൾക്ക് മിൽമ കാസർകോട് ഡെയറി ഏർപ്പെടുത്തിയ സൗജന്യ സംഭാര വിതരണം മലബാർ മിൽമ ഡയറക്ടർമാരായ കെ.സുധാകരൻ, പി.പി.നാരായണൻ, മനേജർ കെ.എസ്.ഗോപി തുടങ്ങിയവർ കാഞ്ഞങ്ങാട് ഡിവൈ.എസ്.പി.പി കെ.സുധാകരന് കൈമാറി ഉദ്ഘാടനം നിർവഹിക്കുന്നു