കാസർകോട്: ദക്ഷിണ റെയിൽവേയിലെ 478 കോച്ചുകൾ ഐസൊലേഷൻ വാർഡുകളാക്കി മാറ്റുന്നതിന്റെ ഭാഗമായി കേരളത്തിലും ഒരുങ്ങുന്നു 65 കോച്ചുകൾ.തിരുവനന്തപുരം, പാലക്കാട് ഡിവിഷനുകളിൽ കോച്ചുകളുടെ നിർമ്മാണം പുരോഗമിക്കുകയാണ്. പാലക്കാട് ഡിവിഷനിൽ 20 കോച്ചുകളും തിരുവനന്തപുരം ഡിവിഷനിൽ 45 കോച്ചുകളുമാണ് തയ്യാറാകുന്നത്.
ചെന്നൈ ഡിവിഷനിൽ 55 കോച്ചുകളും മധുര ഡിവിഷനിൽ 30 കോച്ചുകളും ഐസോലേഷൻ വാർഡാക്കും. മംഗളൂരു, നാഗർകോവിൽ എന്നിവിടങ്ങളിൽ ഇതിന്റെ നിർമ്മാണം പുരോഗമിക്കുകയാണെന്നും ഒരാഴ്ചയ്ക്കുള്ളിൽ ഇത് പൂർത്തിയാകുമെന്നും അധികൃതർ അറിയിച്ചു. ഇതിനകം 200 ഐസൊലേഷൻ കോച്ചുകളുടെ നിർമ്മാണം പൂർത്തിയായി.
ഐസൊലേഷൻ വാർഡുകൾ സജ്ജീകരിക്കുന്നതിനായി ആരോഗ്യവകുപ്പ്, ആയുഷ്മാൻ ഭാരത് ഉദ്യോഗസ്ഥരുമായി റെയിൽവേ ബോർഡ് ചർച്ച നടത്തിയിരുന്നു. റെയിൽവേ സോണുകളിൽ ഇതിനായി കോ-ഓർഡിനേറ്റർമാരെയും ചുമതലപ്പെടുത്തി. രാജ്യത്താകെ 8000 കിടക്കകളുള്ള 5000 കോച്ചുകളാണ് ഒരുങ്ങുന്നത്.