കണ്ണൂർ: കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഐ.സി.യു വെന്റിലേറ്റർ, പോർട്ടബിൾ വെന്റിലേറ്റർ മറ്റ് അനുബന്ധ ഉപകരണങ്ങൾക്കായി ഒരു കോടി രൂപ കൂടി അനുവദിച്ചു. കുഞ്ഞുങ്ങൾ മുതൽ മുതിർന്നവർക്ക് വരെ ഉപയോഗിക്കാൻ സാധിക്കുന്ന സവിശേഷതയുള്ളതാണ് ഇപ്പോൾ അനുവദിച്ചിരിക്കുന്ന ഉപകരണങ്ങൾ. ബി.പി.സി.എല്ലിന്റെ സി.എസ്.ആർ ഫണ്ടിൽ നിന്നാണ് ഒരു കോടി രുപ ഇപ്പോൾ അനുവദിച്ചിരിക്കുന്നത്.

കൊറോണ പശ്ചാത്തലത്തിൽ കൂടുതൽ ആധുനിക സൗകര്യങ്ങൾ കണ്ണൂർ ജില്ലയിലെ സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഒരുക്കുന്നതിനായാണ് കൂടുതൽ തുക കണ്ടെത്തുന്നതിനായി പരിശ്രമിച്ചതെന്ന് കെ.കെ.രാഗേഷ് എം.പി പറഞ്ഞു.

പൊതുമേഖലാസ്ഥാപനങ്ങളുമായി നടത്തിയ ചർച്ചയുടെ ഫലം

കാസർകോട്, കണ്ണൂർ ജില്ലകളിൽ കൊറോണ ബാധ സ്ഥിരീകരിച്ച ഉടൻ തന്നെ കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് സൂപ്രണ്ട് ഡോ: കെ. സുദീപുമായും പ്രിൻസിപ്പൽ ഡോ: എൻ.റോയിയുമായും ചികിത്സാ സൗകര്യം സംബന്ധിച്ച് കെ.കെ. രാഗേഷ് എം.പി ചർച്ച നടത്തിയിരുന്നു. തുടർന്ന് പൊതുമേഖല സ്ഥാപനങ്ങളിലെ സി.എം.ഡിമാരുമായി സംസാരിക്കുകയും പ്രൊപ്പോസൽ സമർപ്പിക്കുകയും ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ബി.പി.സി.എൽ ഇപ്പോൾ ഒരു കോടി രൂപ അനുവദിച്ചിരിക്കുന്നത്.