വാടകയിൽ ഭീമമായ വർദ്ധന, വിലനിലവാരം പരിഷ്കരിക്കുന്നില്ല

മെഡിക്കൽ കോളേജ് ജീവനക്കാർക്കും വിദ്യാർത്ഥികൾക്കും രോഗികൾക്കും

ഭക്ഷണം നൽകുന്നത് ആറ് വർഷം മുൻപ് നിശ്ചയിച്ച ന്യായവിലയ്ക്ക്.

സർക്കാർ ഏറ്റെടുത്തതോടെ പുതുക്കിയ കരാർ പ്രകാരം

ഭീമമായ വാടക വർദ്ധനവും വെള്ളക്കരവും.

ഒന്നര പതിറ്റാണ്ടിലേറെക്കാലത്തെ അവധിയില്ലാതെ പ്രവർത്തനം.

 ഡയാലിസിസ് രോഗികൾക്ക് രണ്ടര വർഷമായി സൗജന്യ ഉച്ചഭക്ഷണം.

കാന്റീൻ ആരംഭിച്ചത് 16 വർഷം മുമ്പ്

കൊറോണ ഐസലോഷൻ വാർഡുകളിൽ പ്രവേശിപ്പിക്കപ്പെട്ടവർ ആവശ്യപ്പെടുന്ന ഭക്ഷണം ഏത് സമയത്തും സുരക്ഷാ ക്രമീകരണങ്ങൾ പാലിച്ചുകൊണ്ട് .

പയ്യന്നൂർ: പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയോടനുബന്ധിച്ച് കഴിഞ്ഞ പതിനാറു വർഷമായി പ്രവർത്തിച്ചുവരുന്ന സഹകരണ കാന്റീൻ പ്രതിസന്ധിയിലേക്ക്. പുതിയ കരാർ വ്യവസ്ഥ പ്രകാരം അധികൃതർ വരുത്തിയ ഭീമമായ വാടക വർദ്ധനവും വെള്ളക്കരവും, അതോടൊപ്പം കഴിഞ്ഞ ആറു വർഷമായി തുടർന്നു വരുന്ന ഭക്ഷണവില വർദ്ധിപ്പിക്കാൻ കഴിയാത്തതുമാണ് കാന്റീൻ നടത്തി വരുന്ന സഹകരണ സംഘം ഭരണസമിതിയെ പ്രതിസന്ധിയിലാക്കുന്നത്.

വാടകയിനത്തിൽ പ്രതിമാസം ഒരു ലക്ഷം രൂപയാണ് സൊസൈറ്റി ഇതുവരെ നൽകിയിരുന്നത്. സൗജന്യമായി വെള്ളവും ലഭിച്ചിരുന്നു. എന്നാൽ പ്രതിമാസ വാടക 2,65,500 രൂപയായി വർദ്ധിപ്പിക്കുകയും ഇതുവരെ സൗജന്യമായി നൽകിയിരുന്ന വെള്ളത്തിന് കരം ഈടാക്കുകയും ചെയ്തു തുടങ്ങി. ഇത് മാസത്തിൽ ശരാശരി 50,000 രൂപയോളം വരും. വൈദ്യുതിബിൽ മാസത്തിൽ ഒരു ലക്ഷത്തോളം രൂപ യോളമാകും.

പൊതു വിലനിലവാരത്തെ അപേക്ഷിച്ച് കുറഞ്ഞ ന്യായവിലയാണ് ഇവിടെ ഭക്ഷണങ്ങൾക്ക് ഈടാക്കുന്നത്. സംഘത്തിന് കീഴിൽ വരുന്ന 90 ഓളം ജീവനക്കാർക്ക് സഹകരണ നിയമം അനുശാസിക്കുന്ന എല്ലാവിധ ആനുകൂല്യങ്ങളും നൽകുന്നതിനു പുറമെ തൊഴിലാളികളെ ഉൾക്കൊള്ളിച്ച് ഗ്രൂപ്പ് ഇൻഷൂറൻസും ഏർപ്പെടുത്തിയിട്ടുണ്ട്.

ലാഭനഷ്ട കണക്ക് നോക്കാതെ സഹകരണ പ്രസ്ഥാനത്തിന്റെ തത്വാധിഷ്ഠിതമായ പ്രതിബദ്ധത ഉയർത്തിപ്പിടിച്ച് പ്രവർത്തിക്കുന്ന സ്ഥാപനത്തെ പ്രതിസന്ധി ഘട്ടത്തിൽ നിന്ന് കരകയറ്റുവാൻ വാടകയിനത്തിലും മറ്റും കുറവ് വരുത്തിയും കഴിഞ്ഞ ആറു വർഷമായി തുടർന്ന് വരുന്ന വിലനിലവാരത്തിൽ കാലോചിതമായ മാറ്റം വരുത്തിയും അധികൃതർ സഹായിക്കുമെന്ന പ്രതീക്ഷയുണ്ട്.

സൊസൈറ്റി ഭരണ സമിതി

സഹകരണ സംഘം

സി.പി. ദാമോദരൻ പ്രസിഡന്റായി 2004ൽ രൂപം കൊണ്ട കേരള ഫുഡ്‌ ഹൗസ് ആൻഡ് കാറ്ററിംഗ് സഹകരണ സംഘമാണ് കാന്റീൻ നടത്തുന്നത്. ഇപ്പോൾ വി.പി. പ്രവീൺ നമ്പ്യാർ പ്രസിഡന്റും എൻ.വി. പ്രവീൺ സെക്രട്ടറിമായുള്ള ഭരണസമിതിയാണ് സംഘത്തെ നയിക്കുന്നത്.