karnataka-border-issue

കാസർകോട്: കേരളത്തിന്റെ അതിർത്തി കർണ്ണാടക സർക്കാർ മണ്ണുമൂടി അടച്ചപ്പോൾ കണ്ണീരിലായ മറ്റൊരു വിഭാഗവും കാസർകോട് ജില്ലയിലുണ്ട്. മാരകമായ രോഗം ബാധിച്ച എൻഡോസൾഫാൻ ദുരിത ബാധിതരാണ് ആ വിഭാഗം. കർണ്ണാടകയിലെ ആരോഗ്യവിഭാഗത്തെ ആശ്രയിച്ചു മാത്രം ചികിത്സയും മരുന്നുമായി ദിവസങ്ങൾ തള്ളിനീക്കുന്ന കുട്ടികളും അമ്മമാരും ഉൾപ്പെടെ ആയിരത്തോളം വരുന്ന എൻഡോസൾഫാൻ ദുരിത ബാധിതർ ഇപ്പോൾ സങ്കടച്ചുഴിയിലാണ്.

ഇവയിൽ തന്നെ അറുന്നൂറോളം വരുന്ന കുട്ടികളായ രോഗബാധിതരുണ്ട്. എൻഡോസൾഫാൻ മെഡിക്കൽ വിംഗിന്റെ പരിശോധനയിൽ മാരകമായ അസുഖം ബാധിച്ച ആയിരത്തിലധികം വരുന്നവരെ വിദഗ്ദ്ധ ചികിത്സക്കായി മംഗളുരു കെ.എം.സി മെഡിക്കൽ കോളേജ് ആശുപത്രി. മണിപ്പാൽ കസ്തൂർബാ മെഡിക്കൽ കോളേജ് എന്നിവിടങ്ങളിലേക്കാണ് ഡോക്ടർമാർ ശുപാർശ ചെയ്തിരുന്നത്. എട്ടും ഒമ്പതും വർഷമായി രണ്ടും മൂന്നും മാസങ്ങൾ ഇടവിട്ട് മംഗളുരുവിലും മണിപ്പാലിലുമുള്ള ആശുപത്രികളിൽ ചെക്കപ്പിന് പോവുകയും മരുന്ന് വാങ്ങിയെത്തി തുടർച്ചയായി കഴിച്ചുവരുന്നവരുമാണ് ഈ ദുരിതബാധിതരെല്ലാം. ഇതിൽ മഹാഭൂരിപക്ഷം ദുരിതബാധിതരും മാർച്ച് മാസമായിരുന്നു കർണ്ണാടകയിൽ ചെക്കപ്പിന് പോകേണ്ടിയിരുന്നത്. കർണ്ണാടക അതിർത്തി അടച്ചതോടെ ഇവരുടെ മെഡിക്കൽ ചെക്കപ്പുകൾ മുടങ്ങിയെന്നത് മാത്രമല്ല മരുന്നുകളുടെ സ്റ്റോക്ക് തീർന്നതുമാണ് ഇവരെ വിഷമത്തിലാക്കുന്നത്.

മാരക രോഗം പിടിപ്പെട്ടവർക്ക് മണിപ്പാലിലും മംഗളുരുവിലും മാത്രം കിട്ടുന്ന മരുന്നുകൾക്ക് മറ്റെവിടെ പോകുമെന്നാണ് ദുരിതബാധിതരുടെ ബന്ധുക്കൾ ചോദിക്കുന്നത്. 'ഒരു ദിവസത്തെ മരുന്ന് മാത്രമാണ് ഇനി വീട്ടിലുള്ളത്, ഒരു ദിവസം 30 മില്ലി മരുന്നാണ് കൊടുക്കേണ്ടത്, അതിന് പകരം 15 മില്ലിയായി കൊടുത്താല്‍ കുറച്ച് ദിവസം കൂടി നീണ്ട് പോകും, ഡോക്ടർമാരുടെ നിർദ്ദേശ പ്രകാരം തന്നെ മരുന്ന് കൊടുക്കണം.അതിൽ വീഴ്ച വരുത്തിയാൽ ഇതുവരെ നടത്തിയ ചികിത്സയുടെ ഫലം ഇല്ലാതെ പോകില്ലേ.., മരുന്നില്ലാതെ ഇനി മുന്നോട്ട് പോകാൻ കഴിയില്ല..' മണിപ്പാൽ ആശുപത്രിയിൽ ഒമ്പത് വർഷമായി മകൻ മിഥുനെ ചികിത്സയ്ക്കുന്ന മാതാവ് അമ്പലത്തറയിലെ സുമതി പറയുന്നു. മോഹനൻ -സുമതി ദമ്പതികൾക്ക് ഇരട്ടകുട്ടികളാണ്. ജന്മനാ എൻഡോസൾഫാൻ ദുരിതത്തിന് ഇരയായ ഇരട്ടകളിൽ മറ്റേ കുട്ടി നിഥുന് അസുഖം ഭേദമായത് മണിപ്പാലിലെ ചികിത്സയിലാണ്. 'ഈ മാസം മരുന്നിന് പോകേണ്ടതായിരുന്നു ,കർണ്ണാടക സർക്കാർ ഇങ്ങനെ കണ്ണിൽ ചോരയില്ലാതെ വഴികൾ അടച്ചപ്പോൾ എന്ത് ചെയ്യണമെന്ന് അറിയാത്ത അവസ്ഥയിലാണ് ഞങ്ങളിപ്പോൾ..' സുമതി പറയുന്നു.

കാസർകോടിന് സ്വന്തമായി ഒരു മെഡിക്കൽ കോളേജും സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രിയും ഇല്ലാത്തതിന്റെ ബുദ്ധിമുട്ട് ശരിക്കും അനുഭവപ്പെടാൻ തുടങ്ങിയത് കർണ്ണാടക അടച്ചുപൂട്ടിയപ്പോഴാണ്. ഇതൊരു വല്ലാത്ത പരീക്ഷണം തന്നെയായി പോയി. ആശുപത്രിയിൽ പോകാൻ പോലും അനുവദിക്കുന്നില്ലെന്ന് പറഞ്ഞാൽ വലിയ സങ്കടം തന്നെയാണ്. ഗുരുതരരോഗം വന്ന കുട്ടികൾക്ക് കൃത്യമായി മരുന്ന് നല്കാൻ കഴിയാത്തത് കാരണം ആരോഗ്യനില വഷളാവുകയാണ്. ഇന്നലെ തന്നെ ഒരു കുട്ടിക്ക് വയ്യാതായി. ആശുപത്രിയിൽ കൊണ്ടുപോകാൻ വരെ നിവൃത്തിയില്ല. മംഗളുരുവിലെ ആശുപത്രികളിൽ പോകാൻ കഴിയാത്തതിനാൽ ചികിത്സയും മരുന്നും മുടങ്ങുമ്പോൾ ആരോട് എന്താണ് പറയേണ്ടതെന്ന് അറിയുന്നില്ല. ഇതിങ്ങനെ നീണ്ടുപോയാൽ സ്ഥിതി കഷ്ടത്തിലാകും. കാസർകോട് ഒരു ന്യുറോളജിസ്റ്റും സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രി ഇല്ലാത്തതിന്റെയും പ്രശ്നം ഇപ്പോഴാണ് ശരിക്കും അനുഭവിക്കുന്നത്. ചെറിയ പനി വരുമ്പോൾ തന്നെ അമ്മമാർ പേടിക്കുകയാണെന്ന് എൻഡോസൾഫാൻ പീഡിത ജനകീയ മുന്നണി പ്രസിഡന്റ് മുനീസ അമ്പലത്തറയും പറയുന്നു.