കാസർകോട്: കേരളത്തിന്റെ അതിർത്തി കർണ്ണാടക മണ്ണിട്ട് അടച്ചപ്പോൾ പ്രതിസന്ധിയിലായ വലിയൊരു വിഭാഗമുണ്ട്. പലതരത്തിലുള്ള അസുഖങ്ങൾ കൊണ്ട് ബുദ്ധിമുട്ടുന്ന എൻഡോസൾഫാൻ ദുരിത ബാധിതർ. മംഗളൂരുവിലെ ചികിത്സ കൊണ്ടുമാത്രം ദിവസങ്ങൾ നീട്ടിയെടുക്കുന്ന കുട്ടികളുൾപെടെ ആയിരത്തോളം വരുന്ന ഇവരുടെ കാര്യത്തിൽ എന്തുചെയ്യണമെന്നറിയാതെ വിഷമിക്കുകയാണ് ബന്ധുക്കൾ.

ദുരിതബാധിത പട്ടികയിൽ പെടുന്ന അറുന്നൂറോളം കുട്ടികളാണുള്ളത്. എൻഡോസൾഫാൻ മെഡിക്കൽ വിംഗിന്റെ പരിശോധനയിൽ മാരകമായ അസുഖം ബാധിച്ച ആയിരത്തിലധികം വരുന്നവരെ വിദഗ്ദ്ധ ചികിത്സക്കായി മംഗളുരു കെ എം സി മെഡിക്കൽ കോളേജ് ആശുപത്രി,മണിപ്പാൽ കസ്തൂർബാ മെഡിക്കൽ കോളേജ് എന്നിവിടങ്ങളിലേക്കാണ് ഡോക്ടർമാർ ശുപാർശ ചെയ്തിരുന്നത്. എട്ടും ഒമ്പതും വർഷമായി രണ്ട് ആശുപത്രികളിലും ചെക്കപ്പിന് പോവുകയും തുടർച്ചയായി മരുന്നു കഴിക്കുന്നവരുമാണ് ഇവരെല്ലാം. ഈ മാർച്ചിൽ ചെക്കപ്പിന് പോകേണ്ടവർ കൂട്ടത്തിൽ നിരവധിയാണ്. അതിർത്തി അടച്ചതോടെ ഇവരുടെ ചെക്കപ്പ് മുടങ്ങിയെന്നത് മാത്രമല്ല, മരുന്നും തീർന്നു.ദുർലഭമായി മാത്രം ലഭിക്കുന്ന ഈ മരുന്നുകൾക്ക് മറ്റെവിടെ പോകുമെന്നാണ് ദുരിതബാധിതരുടെ ബന്ധുക്കൾ ചോദിക്കുന്നത്.

'ഒരു ദിവസത്തെ മരുന്ന് മാത്രമാണ് ഇനി വീട്ടിലുള്ളത്, ഒരു ദിവസം 30 മില്ലി മരുന്നാണ് കൊടുക്കേണ്ടത്, അതിന് പകരം 15 മില്ലിയായി കൊടുത്താൽ കുറച്ച് ദിവസം കൂടി നീണ്ട് പോകും, ഡോക്ടർമാരുടെ നിർദ്ദേശ പ്രകാരം തന്നെ മരുന്ന് കൊടുക്കണം.അതിൽ വീഴ്ച വരുത്തിയാൽ ഇതുവരെ നടത്തിയ ചികിത്സയുടെ ഫലം ഇല്ലാതെ പോകില്ലേ...' മണിപ്പാൽ ആശുപത്രിയിൽ ഒമ്പത് വർഷമായി മകൻ മിഥുനെ ചികിത്സയ്ക്കുന്ന അമ്പലത്തറയിലെ സുമതി പറയുന്നതിങ്ങനെ.

ആരോഗ്യനില വഷളാകുന്നു

ഗുരുതരരോഗം വന്ന കുട്ടികൾക്ക് കൃത്യമായി മരുന്ന് നല്കാൻ കഴിയാത്തത് കാരണം ആരോഗ്യനില വഷളാവുകയാണ്. ഇന്നലെ തന്നെ ഒരു കുട്ടിക്ക് വയ്യാതായി. ആശുപത്രിയിൽ കൊണ്ടുപോകാൻ വരെ നിവൃത്തിയില്ല. മംഗളുരുവിലെ ആശുപത്രികളിൽ പോകാൻ കഴിയാത്തതിനാൽ ചികിത്സയും മരുന്നും മുടങ്ങുമ്പോൾ ആരോട് എന്താണ് പറയേണ്ടതെന്ന് അറിയുന്നില്ല. ഇതിങ്ങനെ നീണ്ടുപോയാൽ സ്ഥിതി കഷ്ടത്തിലാകുമെന്ന് എൻഡോസൾഫാൻ പീഡിത ജനകീയമുന്നണി നേതാക്കളും ചൂണ്ടിക്കാട്ടുന്നു.

ബൈറ്റ്

കാസർകോട് ഒരു ന്യുറോളജിസ്റ്റും സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രി ഇല്ലാത്തതിന്റെയും പ്രശ്നം ഇപ്പോഴാണ് ശരിക്കും അനുഭവിക്കുന്നത്. ചെറിയ പനി വരുമ്പോൾ തന്നെ അമ്മമാർ പേടിക്കുകയാണ്.. മുനീസ അമ്പലത്തറ ( പ്രസിഡന്റ്, എൻഡോസൾഫാൻ പീഡിത ജനകീയ മുന്നണി )