കാഞ്ഞങ്ങാട് : കൊവിഡ്- 19 പ്രതിരോധത്തിന്റെ ജില്ലാ സ്‌പെഷ്യൽ ഓഫീസർ അൽകേഷ് കുമാർ ശർമ ഇന്നലെ ഉച്ചയോടെ കാഞ്ഞങ്ങാട്ടെ വിവിധ ക്യാമ്പുകൾ സന്ദർശിച്ചു. തെരുവിന്റെ മക്കൾ താമസിക്കുന്ന നഗരസഭ ടൗൺ ഹാൾ, നഗരസഭയുടെ കമ്മ്യൂണിറ്റി കിച്ചൻ പ്രവർത്തിക്കുന്ന അതിയാമ്പൂർ ബാലബോധിനി വായനശാല, ഡി. എം. ഒ. ഓഫീസ്, പെരിയ കേന്ദ്ര സർവകലാശാല ,ഏറ്റവും കൂടുതൽ അന്യസംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന ആവിക്കര എന്നിവിടങ്ങളിലെത്തിയ അൽകേഷ് കുമാർ ശർമ അന്യസംസ്ഥാന തൊഴിലാളികളുമയി ആശയ വിനിമയം നടത്തി.
ഭക്ഷണം കിട്ടാറുണ്ടോ എന്ന ചോദ്യത്തിന് വാർഡ് കൗൺസിലർ എ. എ. നാരായണന്റെ നേതൃത്വത്തിൽ കൃത്യമായി എത്തിച്ചു തരാറുണ്ടെന്ന് അന്തേവാസികൾ മറുപടി നൽകി. ആവിക്കരയിലും പരിസരത്തുമായി നൂറ്റിമുപ്പതതോളം അന്യസംസ്ഥാന തൊഴിലാളികൾ കുടുംബമായും അല്ലാതെയും താമസിക്കുന്നുണ്ട്. മികച്ച പ്രവർത്തനം കാഴ്ചവെച്ചതിന് വാർഡ് കൗൺസിലറെയും തെരുവിന്റെ മക്കൾക്ക് താമസിക്കാൻ ഇത്രയും നല്ല സൗകര്യം ചെയ്തു കൊടുത്ത നഗരസഭയെയും കമ്മ്യൂണിറ്റി കിച്ചണിൽ പ്രവർത്തിക്കുന്ന സന്നദ്ധപ്രവർത്തകരെയും സ്‌പെഷ്യൽ ഓഫീസർ അഭിനന്ദിച്ചു.
വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയാണ് അൽകേഷ് കുമാർ ശർമ. അദ്ദേഹത്തിന്റെ കൂടെ സബ് കളക്ടർ അരുൺ കെ.വിജയൻ, തഹസിൽദാർ എൻ. മണിരാജ്, നഗരസഭാ ചെയർമാൻ വി.വി.രമേശൻ, സെക്രട്ടറി എം.കെ. ഗിരീഷ്, വേണുഗോപാലൻ പെരളം തുടങ്ങിയവരും ഉണ്ടായിരുന്നു.