കാസർകോട്: കർണാടക പൂത്തൂരിൽ നിന്നും ദേലംപാടിയിലേക്ക് പച്ചക്കറിയുമായി വരികയായിരുന്ന പിക്കപ്പ് ലോറി തടഞ്ഞുവച്ച കർണാടക എസ്.ഐ ഇതിനുള്ള അനുമതി പത്രം വാങ്ങി കീറിക്കളഞ്ഞതായി പരാതി.അതിർത്തി ഗ്രാമമായ ദേലംപാടിയിലേക്ക് വരികയായിരുന്ന വാഹനമാണ് സാംപിയ റൂറൽ പൊലീസ് കസ്റ്റഡിയിൽ എടുത്തത്.
ലോറി ഡ്രൈവർ ഈശ്വരമംഗല സ്വദേശി കെ .അനന്തു പാട്ടാളിയെ എസ്.ഐ മർദ്ദിക്കുകയും ചെയ്തു. ദേലംപാടി മുൻചിങ്ങാന റോഡ് മണ്ണിട്ട് അടച്ചതിനാൽ അതിർത്തിക്കപ്പുറത്ത് ലോറി നിർത്തി പച്ചക്കറി ചുമന്നു മറ്റൊരു വണ്ടിയിലേക്ക് മാറ്റാൻ തുടങ്ങുമ്പോഴാണ് എസ് .ഐ. ഉദയരവിയുടെ നേതൃത്വത്തിൽ പൊലീസ് സ്ഥലത്തെത്തിയത്. വന്നയുടനെ അനന്തുവിനെ മർദിക്കുകയായിരുന്നു. ഇതിനിടെ ദേലംപാടിയിൽ നിന്നു പച്ചക്കറി എടുക്കാൻ എത്തിയവർ വണ്ടിയുമായി രക്ഷപ്പെട്ടു.
ദേലംപാടി മുൻചിങ്ങാന സ്വദേശി എം അമീറിന്റെ ഉടമസ്ഥതയിലുള്ളതാണ് പൊലീസ് കസ്റ്റഡിയിലെടുത്ത ലോറി. ഈശ്വരമംഗലയിലെ പച്ചക്കറി വ്യാപാരിയായ ഇദ്ദേഹം ദേലംപാടിയിലെ കടകളിലേക്ക് പച്ചക്കറി വിതരണവും ചെയ്യുന്നുണ്ട്. ഡ്രൈവർ അനന്തുവിന്റെ കൈക്ക് ഒരാഴ്ച മുമ്പ് ബൈക്ക് ഇടിച്ചു ക്ഷതമേറ്റിരുന്നു. പൊലീസിന്റെ മർദനത്തിൽ ഈ ഭാഗത്ത് വീണ്ടും പൊട്ടലുണ്ടായി. ലോക്ഡൗൺ ആയതിനാൽ യാത്ര ചെയ്യാനുള്ള അനുമതി പത്രം പൂത്തൂർ താലൂക്ക് ഓഫീസിൽ നിന്ന് വാങ്ങിയിരുന്നു. ഇത് എസ് ഐ കീറിക്കളയുകയും താലൂക്ക് ഓഫീസിൽ ബന്ധപ്പെട്ട് റദ്ദാക്കുകയും ചെയ്തതായും പരാതിയുണ്ട്. ലോറി രണ്ടു മണിക്കൂർ നേരം പൊലീസ് സ്റ്റേഷനിൽ കസ്റ്റഡിയിൽ സൂക്ഷിച്ചതിനു ശേഷം വ്യാപാരികളുടെ ഇടപെടലിനെ തുടർന്ന് വിട്ടയക്കുകയായിരുന്നു.