കാസർകോട് : കാസർകോട് ജില്ലയിൽ ഇന്നലെ 12 പേർക്ക് കൂടി കൊവിഡ് 19 വൈറസ് സ്ഥിരീകരിച്ചതോടെ ജില്ലയിൽ ആകെ രോഗികളുടെ എണ്ണം 124 ആയി ഉയർന്നു. ജില്ലയിൽ ഇന്നലെ 8971 നീരീക്ഷണത്തിലുള്ളത്. ഇതിൽ വീടുകളിൽ 8794 പേരും ആശുപത്രികളിൽ 177 പേരുമാണ് നീരിക്ഷണത്തിൽ ഉള്ളത്. ഇതുവരെ 1109 സാമ്പിളുകൾ ആണ് പരിശോധനക്കയച്ചിരിക്കുന്നത്. ഇന്നലെ 60 സാമ്പിളുകൾ ആണ് പരിശോധനക്കയച്ചത് .629 പേരുടെ പരിശോധന ഫലം നെഗറ്റീവ് ആണ് .ഇതിൽ 371 പേരുടെ റിസൾട്ട് ലഭ്യമാകേണ്ടതുണ്ട്. പുതിയതായി 17 പേരെ കൂടി ഐസൊലേഷൻ ഇന്നലെ വാർഡുകളിൽ പ്രവേശിപ്പിച്ചു.


ആധികാരിക വിവരങ്ങൾക്ക് വാട്ട്സാപ്പ് ചാറ്റ് ബോട്ട്.

കൊവിഡ് 19മായി ബന്ധപ്പെട്ട് ജനങ്ങൾക്ക് ആധികാരിക വിവരങ്ങൾ നൽകുന്നതിനും കൃത്യമായ ബോധവത്കരണം നടത്തുന്നതിനുമായി വാട്ട്സാപ്പ് ചാറ്റ് ബോട്ടുമായി ആരോഗ്യ വകുപ്പ്. ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചറാണ് വാട്ട്സാപ്പിൽ പ്രവർത്തിക്കുന്ന സംവേദനാത്മക ചാറ്റ് ബോട്ട് പുറത്തിറക്കിയത്. 9072220183 എന്ന നമ്പറിലാണ് ചാറ്റ് ബോട്ട് പ്രവർത്തിക്കുന്നത്.

ചാറ്റ് ബോട്ട് വഴി കൊവിഡ് 19 നെക്കുറിച്ചുള്ള അധികാരിക വിവരങ്ങൾ അറിയേണ്ടവർ 9072220183 എന്ന നമ്പർ മൊബൈലിൽ സേവ് ചെയ്യുകയും തുടർന്ന് ആ നമ്പറിലേക്ക് വാട്ട്സാപ്പിലൂടെ ഒരു ഹായ് അയക്കുകയും ചെയ്യുക. അപ്പോൾ പ്രത്യക്ഷപ്പെടുന്ന മെനുവിൽ നിന്ന് ചാറ്റ് ബോട്ടിന്റെ നിർദ്ദേശാനുസരണം ആവശ്യമായ വിവരങ്ങളിലേക്കെത്താം. കോവിഡിനെക്കുറിച്ചുള്ള സമഗ്ര വിവരങ്ങൾ, പൊതുജനങ്ങൾ പാലക്കേണ്ട സുരക്ഷ മുൻകരുതലുകൾ, നിർദ്ദേശങ്ങൾ, കൊവിഡ് ബാധിത രാജ്യം/ സംസ്ഥാനത്ത് നിന്ന് വന്നവർക്കുള്ള പ്രത്യേക നിർദ്ദേശങ്ങൾ, ആരോഗ്യ പ്രവർത്തകർക്കുള്ള നിർദ്ദേശങ്ങൾ സംസ്ഥാന ജില്ലാതല കൺട്രോൾ റൂം നമ്പറുകൾ തുടങ്ങിയ വിവരങ്ങൾ ചാറ്റ് ബോട്ട് വഴി ജനങ്ങൾക്ക് ലഭ്യമാകും.