ഹോം ഡെലിവറി നേരിട്ട് ചെല്ലാൻ കഴിയാത്തവർക്ക് മാത്രം: കളക്ടർ


കണ്ണൂർ: കൊവിഡ് 19 രോഗവ്യാപനത്തിന്റെയും ലോക്ക് ഡൗണിന്റെയും സാഹചര്യത്തിൽ സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച സൗജന്യ റേഷൻ വിതരണം ജില്ലയിൽ ആരംഭിച്ചു. ആവശ്യമായ സുരക്ഷാ ക്രമീകരണങ്ങളും മാർഗ നിർദേശങ്ങളും പാലിച്ചാണ് കടകളിൽ നിന്ന് റേഷൻ വിതരണം ചെയ്യുന്നത്. തിരക്ക് ഒഴിവാക്കാൻ കാർഡ് നമ്പർ അനുസരിച്ചുള്ള ദിവസങ്ങളിലാണ് വിതരണം. റേഷൻ കടയിൽ ചെന്ന് റേഷൻ വാങ്ങിക്കുവാൻ പ്രയാസപെടുന്നവർക്ക് മാത്രമായിരിക്കും ഹോം ഡെലിവറി സമ്പ്രദായമെന്ന് ജില്ലാ കലക്ടർ അറിയിച്ചു.
എല്ലാ ദിവസവും രാവിലെ മുതൽ ഉച്ചവരെ അന്ത്യോദയ മുൻഗണന വിഭാഗങ്ങൾക്കും ഉച്ചയ്ക്കുശേഷം മുൻഗണനേതര വിഭാഗങ്ങൾക്കും (നീല, വെള്ള കാർഡുകൾക്ക്) റേഷൻ വിതരണം നടത്തും. ഒരു റേഷൻ കടയിൽ ഒരു സമയം അഞ്ചുപേർ വരെ മാത്രമേ ഉണ്ടാകാൻ പാടുള്ളൂ. നേരിട്ടെത്തി റേഷൻ വാങ്ങാൻ കഴിയാത്തവർക്ക് വീടുകളിൽ സാധനങ്ങൾ എത്തിച്ചുകൊടുക്കുവാൻ രജിസ്റ്റർ ചെയ്തിട്ടുള്ള സന്നദ്ധ പ്രവർത്തകരുടെ സഹായം റേഷൻ കടകളിൽ ഉറപ്പുവരുത്താനാണ് നിർദേശം. ഇതിനായി ജനപ്രതിനിധികളുടെയോ രജിസ്റ്റർ ചെയ്തിട്ടുള്ള സന്നദ്ധ പ്രവർത്തകരുടെയോ സഹായം മാത്രമേ സ്വീകരിക്കാവൂ എന്നും നിർദേശിച്ചിട്ടുണ്ട്.