കണ്ണൂർ: മദ്യാസക്തിയുള്ളവർക്ക് ഡോക്ടർമാരുടെ സാക്ഷ്യപത്ര പ്രകാരം മദ്യം അനുവദിക്കുമെന്ന ഉത്തരവിറങ്ങിയതോടെ പി.എച്ച്.സികളിലും സി.എച്ച്.സികളിലും കത്തിനായി ആളുകൾ എത്തിത്തുടങ്ങി. കഴിഞ്ഞ രണ്ട് ദിവസമായി നാല്പതോളം പേർ ഇങ്ങനെ ജില്ലയിലെ വിവിധ ആരോഗ്യകേന്ദ്രങ്ങളിലെത്തിയിട്ടുണ്ടെന്നാണ് ആരോഗ്യവകുപ്പുദ്യോഗസ്ഥരിൽ നിന്നും ലഭിച്ച വിവരം. എന്നാൽ ഇവരൊന്നും കടുത്ത മദ്യാസക്തിയുള്ളവരല്ല. മദ്യം ലഭിക്കാൻ ഡോക്ടറുടെ കുറിപ്പ് കിട്ടുമോയെന്ന് അറിയുകയാണ് പലരുടെയും ലക്ഷ്യം.
മദ്യാസക്തിയുള്ളവർക്ക് ഡോക്ടറുടെ കുറിപ്പടിയോടെ മദ്യം വിതരണം ചെയ്യാനുള്ള സർക്കാർ തീരുമാനത്തിൽ പ്രതിഷേധിച്ച് ഇന്നലെ സർക്കാർ ഡോക്ടർമാരുടെ സംഘടനയായ കെ.ജി.എം.ഒ.എ കരിദിനം ആചരിച്ചു. ജില്ലയിലും ഡോക്ടർമാർ പ്രതിഷേധം രേഖപ്പെടുത്തിയതായി കെ.ജി.എം.ഒ.എ ജില്ലാ പ്രസിഡന്റ് ഡോ. ഒ.ടി രാജേഷ് അറിയിച്ചു.
മദ്യാസക്തിയ്ക്ക് മരുന്ന് മാത്രം
അതേസമയം ഇന്നലെയും ഡോക്ടർമാരുടെ കുറിപ്പടിയുമായി ചിലർ എക്സൈസിനെ മദ്യത്തിനായി സമീപിച്ചു. ആറുപേർ പയ്യന്നൂർ, കണ്ണൂർ, പാപ്പിനിശേരി, കൂത്തുപറമ്പ് എന്നിവിടങ്ങളിലായി എക്സൈസിനെ സമീപിച്ചതായാണ് അറിയുന്നത്. എന്നാൽ കുറിപ്പിൽ സീൽ രേഖപ്പെടുത്തുകയോ മദ്യത്തിനായി ശുപാർശ ചെയ്യുകയോ ചെയ്തിട്ടില്ലാത്തതിനാൽ മദ്യം അനുവദിക്കാനാവില്ലെന്നായിരുന്നു എക്സൈസിന്റെ മറുപടി . കുറിപ്പിൽ മദ്യാസക്തിയുണ്ടെന്ന് രേഖപ്പെടുത്തിയെങ്കിലും ഡോക്ടർമാർ മരുന്ന് കുറിച്ച് നല്കുകയായിരുന്നുവെന്നും പറയുന്നു.