പാനൂർ: കൊവിഡ് 19നെ തുടർന്ന് ലോക്ക് ഡൗൺ പ്രഖ്യാപിച്ചതോടെ തൊഴിലില്ലാതെ കഷ്ടപ്പെടുന്ന പാനൂർ പ്രദേശത്തെ അന്യസംസ്ഥാനതൊഴിലാളികൾക്കും നിരാലംബരായ വീട്ടുകാർക്കും പാനൂർ അഗ്നി രക്ഷാ സേനയും സി വിൽ ഡിഫൻസ് യൂണിറ്റും ചേർന്നു ഭക്ഷ്യസാധനങ്ങൾ എത്തിച്ചു നല്കി.ജനങ്ങൾ കാര്യമായി ഇടപെടുന്ന സ്ഥലങ്ങളും സ്ഥാപനങ്ങളും അണുമുക്തമാക്കാനും സേന മുന്നിൽ നിന്നു.
22 മുതൽ തുടർച്ചയായി ദിനംപ്രതി പാനൂർ സ്റ്റേഷൻ ഏരിയയിൽ വിവിധ ഭാഗങ്ങളിൽ നടത്തി കൊണ്ടിരിക്കുന്ന അണു നശീകരണത്തിന്റെ പ്രവർത്തനങ്ങളുടെ തിരക്കിലാണ് സേനാംഗങ്ങൾ. നാട്ടിൽ പോകാനാവാത്തവർക്കും ജോലി ഇല്ലാതെ ജോലി സ്ഥലത്ത് കുടുങ്ങിപ്പോയവർക്കും പാനൂർ വില്ലേജിലെ കൂറ്റരി ,മഞ്ചാകുന്ന് എന്നീ സ്ഥലത്തെ നിരാലംബർക്കും ഇവരുടെ പ്രവർത്തനം ആശ്വാസമായി. സ്റ്റേഷൻ ഓഫീസർ കെ.രാജീവന്റെ നേതൃത്വത്തിൽ പി.കെ.പവിത്രൻ, ഇ.കെ.സെൽവരാജ്, വി.കെ. ആദർശ് .കെ .സാഹിർ, റയീസ്് ആദിത്യ വിജിത് എന്നിവരാണ് ഈ പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിച്ചത്.