കണ്ണൂർ: ലോക്ക് ഡൗണിന്റെ പശ്ചാത്തലത്തിൽ ബാറുകൾക്കും ബീവറേജ് ഔട്ട് ലെറ്റിനും പൂട്ട് വീണതോടെ ജില്ലയിൽ വ്യാജ ചാരായ വാറ്റ് കേന്ദ്രങ്ങൾ തലപൊക്കി തുടങ്ങി.കഴിഞ്ഞ ആറു ദിവസത്തിനിടെ ചെറുതും വലുതുമായ നിരവധി വാറ്റ് കേന്ദ്രങ്ങളും വിവിധ സ്ഥലങ്ങളിൽ നിന്നും പിടിച്ചെടുത്ത 1480 ലിറ്റർ വാഷും എക്‌സൈസ് സംഘം നശിപ്പിച്ച് കളഞ്ഞു.വ്യാജ വാറ്റുമായി ബന്ധപ്പെട്ട് ആറു ദിവസത്തിനിടെ എട്ട് കേസുകളാണ് രജിസ്റ്റർ ചെയ്തത്. വിവിധ കള്ളുഷാപ്പുകളിൽ പരിശോധന നടത്തിയതിൽ നിന്നു ഉപയോഗശൂന്യമായ 3629 ലിറ്റർ കള്ളും നശിപ്പിച്ചിട്ടുണ്ട്.

200 ലിറ്റർ ബാരൽ നിറയെ ചാരായം വാറ്റാൻ പാകപ്പെടുത്തിയ വാഷ് സഹിതം യുവാവിനെ ശ്രീകണ്ഠപുരം റെയ്ഞ്ചിലെ പ്രിവന്റിവ് ഓഫിസർ വി.വി ഷാജിയുടെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയിരുന്നു. കുറ്റിയാട്ടൂർ താനിച്ചേരി സ്വദേശി വി.വി ശ്രീജിത്ത് (37) നെ ആണ് അറസ്റ്റ് ചെയ്തത്. കൂത്തുപറമ്പ് കണ്ടംകുന്ന് വനമേഖലയിൽ പുഴ നീന്തികടന്നാണ് എക്സൈസ് ഉദ്യോഗസ്ഥർ വാറ്റ് കേന്ദ്രം നശിപ്പിച്ചത്.

പുഴയോരങ്ങൾ,പാറക്കെട്ടുകൾ

പുഴയോരങ്ങളിലും പാറക്കെട്ടുകൾക്കിടയിലുമെല്ലാമാണ് വാറ്റ് സജീവം. കിലോമീറ്ററുകളോളം വനത്തിലൂടെ നടന്നാണ് പല വാറ്റ് കേന്ദ്രങ്ങളും കണ്ടെത്തി നശിപ്പിച്ചത്. എന്നാൽ ശ്രീകണ്ഠപുരം ഒഴികെ മറ്റു കേസുകളിലൊന്നും പ്രതികളെ പിടികൂടാനായിട്ടില്ല. പരിശോധന സമയത്തൊന്നും പരിസരത്ത് ആളുകളുണ്ടായിരുന്നില്ലെന്ന് എക്സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു. മുൻപ് സമാന കേസുകളിലുൾപ്പെട്ട പ്രതികളുടെ ലിസ്റ്റ് തയാറാക്കി അന്വേഷണം ഊർജ്ജിതമാക്കാനാണ് നീക്കം.വരും ദിവസങ്ങളിൽ വനമേഖലകൾ കേന്ദ്രീകരിച്ച് കർശന പരിശോധനയും നടപടിയുമുണ്ടാകുമെന്നും എക്സൈസ് ഉദ്യോഗസ്ഥർ അറിയിച്ചു.

ആലക്കോട്, കൂത്തുപറമ്പ്, പേരാവൂർ തുടങ്ങി കണ്ണൂരിലെ മലയോരമേഖലകളിലും കണ്ണവം കാടുകളിലെല്ലാം വ്യാജവാറ്റ് വ്യാപകമാകുകയാണ്. എന്നാൽ എക്സൈസ് സംഘം എത്തുമ്പോഴേക്കും പ്രതികൾ ഒാടി രക്ഷപ്പെടുകയാണ്.

ദിലീപ്,പ്രിവന്റീവ് ഒാഫീസർ ,തളിപ്പറമ്പ്

6 ദിവസം

1480 ലിറ്റർ വാഷ്

8 കേസുകൾ

3629 ലിറ്റർ കള്ള് (ഉപയോഗശൂന്യമായത്)

പയ്യന്നൂർ റേഞ്ചിൽ 250 ലിറ്റർ

ആലക്കോട് 320 ലിറ്റർ

കൂത്തുപറമ്പ് 450ലിറ്റർ

പിണറായി 40 ലിറ്റർ

കൂത്തുപ്പറമ്പ് സർക്കിൾ 150

തളിപ്പറമ്പ് 70 ലിറ്റർ

ശ്രീകണ്ഠാപുരം 200 ലിറ്റർ

കൂത്തുപറമ്പ് 4 ലിറ്റർ