കണ്ണൂർ: നിസാമുദ്ദീനിൽ നടന്ന തബ്‌ലീഗ് സമ്മേളനത്തിൽ പങ്കെടുത്ത് ജില്ലയിൽ തിരിച്ചെത്തിയവരെല്ലാം നിരീക്ഷണത്തിൽ കഴിയുകയാണെന്ന് ആരോഗ്യവകുപ്പ്. ഇവരിൽ ആർക്കും രോഗലക്ഷണമൊന്നുമില്ല. പത്തുപേരാണ് ജില്ലയിൽ നിരീക്ഷണത്തിൽ കഴിയുന്നത്. ഒരാൾ മാഹിയിലുമുണ്ട്. ജില്ലയിലെ ഒരാളെ ഫോണിൽ കഴിഞ്ഞദിവസം വരെ ബന്ധപ്പെടാനായില്ലെങ്കിലും ഇയാളെയും കണ്ടെത്തിക്കഴിഞ്ഞു. മാർച്ച് 10, 13 തീയതികളിലാണ് ഇവർ കണ്ണൂരിൽ തിരിച്ചെത്തിയത്. ഇവരെല്ലാം ആരോഗ്യവകുപ്പുമായി ബന്ധപ്പെട്ട് നിരീക്ഷണത്തിൽ കഴിയുന്നതിനാൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ഡി.എം.ഒ അറിയിച്ചു.