തലശ്ശേരി: മുംബൈയിൽ കൊറോണ ബാധിച്ച് തലശ്ശേരി സ്വദേശി മരിച്ചു. മുംബൈ സാക്കിനാകയിൽ താമസിക്കുന്ന തലശേരി കതിരൂർ വേറ്റുമ്മൽ ആണിക്കാം പൊയിലിലെ വലിയപറമ്പത്ത് ദേവൻവില്ലയിൽ അശോകൻ(63) ആണ് മരിച്ചത്. മൃതദേഹം ഘാട്കൂപ്പറിലെ രാജ്യവാസി ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ഒരാഴ്ച മുമ്പേ പനിബാധിച്ച ഇദ്ദേഹം ക്ലിനിക്കിൽ ചികിത്സ തേടിയിരുന്നു. വീട്ടിൽ നിരീക്ഷണത്തിൽ കഴിയുന്നതിനിടെ പനി മൂർച്ഛിച്ച് ചൊവ്വാഴ്ചയോടെയായിരുന്നു അന്ത്യം. മരണശേഷം ആശുപത്രിയിൽ നടത്തിയ പരിശോധനയിലാണ് കൊറോണ സ്ഥിരീകരിച്ചത്. തുടർന്ന് ഭാര്യയെയും മക്കളെയും നിരീക്ഷണത്തിലാക്കി. 40 വർഷം മുമ്പ് മുംബൈയിലേക്ക് പോയ അശോകൻ ടൂൾ ആൻഡ് ഡൈമേക്കിംഗ് കമ്പനി നടത്തുകയായിരുന്നു. ഒരു വർഷം മുമ്പാണ് അവസാനമായി നാട്ടിൽ വന്നത്. ഭാര്യ: രാധാലക്ഷ്മി. മക്കൾ: ദീപു, ജിംസി.